KERALA

പാലക്കാട്ടെ ആദിവാസി ഉന്നതിയിലെ കുഞ്ഞിന്റെ മരണം; അമ്മയ്ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ച പരാതിയില്‍ റിപ്പോര്‍ട്ട് തേടി പട്ടിക വികസന ഓഫീസര്‍

ഗര്‍ഭാവസ്ഥയില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പോഷകാഹാരം അടക്കമുള്ള സഹായങ്ങള്‍ ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിച്ചത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മീനാക്ഷിപുരത്ത് ആദിവാസി ഉന്നതിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ച നാല് മാസം പ്രായമായ കുഞ്ഞിന്റെ അമ്മയ്ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങിയെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി പട്ടിക വര്‍ഗ വികസന ഓഫീസര്‍. ചിറ്റൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് നേടിയത്.

ഗര്‍ഭാവസ്ഥയില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പോഷകാഹാരം അടക്കമുള്ള സഹായങ്ങള്‍ ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിച്ചത്. ഇതിന് പിന്നാലെയാണ് പട്ടിക വര്‍ഗ വികസന ഓഫീസറുടെ ഇടപെടല്‍.

കഴിഞ്ഞ ദിവസമാണ് മീനാക്ഷിപുരം സര്‍ക്കാര്‍പതി ആദിവാസി ഉന്നതിയിലെ നാല് മാസം പ്രായമുള്ള കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. ഉന്നതിയിലെ പാര്‍ഥിന്‍-സംഗീത ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

പാല്‍ നല്‍കുന്നതിനിടെ കുഞ്ഞിന് അനക്കം ഇല്ലെന്ന് കണ്ടപ്പോള്‍ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2.200 കിലോഗ്രാം മാത്രമായിരുന്നു നാല് മാസം പ്രായമായ കുഞ്ഞിന്റെ തൂക്കം. രണ്ട് വര്‍ഷം മുമ്പ് ദമ്പതികളുടെ ആദ്യ പെണ്‍കുഞ്ഞും ഇതേ രീതിയിലാണ് മരിച്ചത്.

SCROLL FOR NEXT