KERALA

വന്യജീവികളുടെ ആക്രമണം അതിജീവിക്കാൻ കഴിയുന്നില്ല; ഇടമലക്കുടിയിൽ ലൈഫ് പദ്ധതിയിൽ നിർമിച്ച വീടുകൾക്ക് മതിയായ ഉറപ്പില്ലെന്ന് പരാതിയുമായി മുതുവാൻ സഭ

നിർമാണത്തിൽ അപാകതയുണ്ടെന്നും വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ആദിവാസി മുതുവാൻ സഭ പ്രതിനിധികൾ ആവശ്യപ്പെടുന്നു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ ആദ്യ ഗോത്രവർ​ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിൽ ലൈഫ് പദ്ധതിയിൽ നിർമിച്ച വീടുകൾക്ക് മതിയായ ഉറപ്പില്ലെന്ന പരാതിയുമായി ആദിവാസി മുതുവാൻ സഭ. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം അതിജീവിക്കാൻ ലൈഫ് വീടുകൾക്ക് കഴിയുന്നില്ലെന്നാണ് ഉന്നതിയിലുള്ളവരുടെ പരാതി. നിർമാണത്തിൽ അപാകതയുണ്ടെന്നും വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ആദിവാസി മുതുവാൻ സഭ പ്രതിനിധികൾ ആവശ്യപ്പെടുന്നു.

മണ്ണും മരങ്ങളും കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ കുടികളുടെ സങ്കൽപ്പം മാറ്റി പുതു ജീവിത നിലവാരം ഉറപ്പിക്കുന്നതിനാണ് ഇടമലക്കുടിയിലെ ഉന്നതികളിലെ വീടുകളുടെ നിർമാണതിന് സംസ്ഥാന സർക്കാർ മുൻകൈയെടുത്തത്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 28 കുടികളിലായി 131 വീടുകളുടെ നിർമാണമാണ് പൂർത്തിയാക്കിയത്. എന്നാൽ ഇതിൽ പലതിലും നിർമാണത്തിൽ അപാകതയുണ്ടെന്ന് ഉന്നതിയിലെ നിവാസികൾ പറയുന്നു.

വന്യമൃഗങ്ങളുടെ സ്ഥിര സാന്നിധ്യമുള്ള ഇടമലക്കുടിയിലെ ഉന്നതികളിലെ വീട് നിർമാണത്തിൽ അപാകതയെന്നാണ് ആക്ഷേപം. കാട്ടാനകൾ തട്ടിയാൽ വീണുപോകാവുന്ന നിർമാണമാണ് പലയിടങ്ങളിലും ഉള്ളതെന്ന് ഊരു മൂപ്പന്മാർ ഉൾപ്പെടെ ഉള്ളവർ പരാതിപ്പെടുന്നു. 421 വീടുകളാണ് ഇടമലക്കുടി പഞ്ചായത്തിൽ ആകെ അനുവദിച്ചിട്ടുള്ളത്. ഏഴ് കോടി രൂപയോളം ഇതുവരെ വിനിയോഗിക്കപ്പെട്ടു. 420 ചതുരശ്ര അടിയിലാണ് ഓരോ വീടിന്റെയും നിർമാണം. എന്നാൽ ഉന്നതിയിലെ ലൈഫ് മിഷൻ വീടുകളുടെ നിർമാണത്തിലെ അഴിമതിക്ക് കാരണക്കാർ ഉദ്യോഗസ്ഥരെന്നും ഇതുവരെ നിർമിച്ച വീടുകളുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടണമെന്നും നിർമാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും ഇടമലക്കുടി ആദിവാസി ഉന്നതിയിലുള്ളവർ ആവശ്യപ്പെടുന്നു.

SCROLL FOR NEXT