വയനാട്ടിലെ ഗോത്ര വർഗ വിദ്യാർഥികൾ അടക്കം പുറത്ത് 
KERALA

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വയനാട്ടിലെ ഗോത്ര വർഗ വിദ്യാർഥികൾ അടക്കം നാലായിരത്തോളം പേർ പുറത്ത്

വയനാട് ജില്ലയെ പൂർണമായും തഴഞ്ഞുവെന്ന് ആക്ഷേപം

Author : ന്യൂസ് ഡെസ്ക്

വയനാട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വലഞ്ഞ് വയനാട് ജില്ല. മൂന്ന് അലോട്ട്മെൻ്റുകൾ കഴിഞ്ഞിട്ടും ഗോത്രവർഗ വിദ്യാർഥികൾ അടക്കം നാലായിരത്തോളം കുട്ടികളാണ് സീറ്റില്ലാതെ പുറത്ത് നിൽക്കുന്നത്.

ഉത്തര മലബാറിലെ നാല് ജില്ലകളിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചപ്പോൾ വയനാടിനെ പൂർണമായും ഒഴിവാക്കിയെന്നാണ് ഉയരുന്ന പരാതി. നിലവിലെ അലോട്ട്മെൻ്റ് രീതി കാരണം വിദ്യാർഥികൾക്ക് അവരുടെ താല്പര്യത്തിന് അനുസരിച്ചുള്ള കോഴ്സുകളോ ഇഷ്ട വിഷയങ്ങളോ തെരഞ്ഞെടുക്കാൻ കഴിയുന്നില്ലെന്നും ആക്ഷേപം ഉണ്ട്.

വയനാട് ജില്ലയിൽ 12000 ഓളം വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശത്തിന് അപേക്ഷ നൽകിയിരുന്നത്. മൂന്ന് അലോട്ട്മെൻ്റ് പിന്നിടുമ്പോൾ 8000 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. ഗോത്രവർഗ വിദ്യാർഥികൾ അടക്കം 4000 ഓളം പേർ ഇപ്പോഴും പുറത്ത് തന്നെയാണ്. ഇതിനൊരു പരിഹാരം കാണമെന്നാണ് ഗോത്രവർഗ വിഭാഗത്തിൻ്റെ ആവശ്യം.

ഈ വിദ്യാർഥികൾക്ക് സീറ്റ് ലഭിച്ചില്ലെങ്കിൽ മറ്റ് ജില്ലകളിൽ പോയി പഠിക്കാനുള്ള സാഹചര്യവും ഇവർക്കില്ല. ഇത് ഇവരുടെ ജീവിത നിലവാരത്തെ ബാധിക്കുമെന്ന് ഗോത്ര വർഗ വിഭാഗം നേതാക്കൾ ആരോപിച്ചു.

SCROLL FOR NEXT