KERALA

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്: പ്രതികൾ പിടിയിൽ

കോയമ്പത്തൂരിൽ നിന്നാണ് രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രതികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ദൃക്സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. സംഭവ സ്ഥലത്ത് വെച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും.

അഗളി ചിറ്റൂർ കട്ടേക്കാട് ഈ മാസം 24ന് ഉച്ചകഴിഞ്ഞാണ് കേസിനാസ്‌പദമായ സംഭവം. വാഹനത്തിന് മുന്നിൽ ചാടി വീണെന്ന് ആരോപിച്ചാണ് അഗളി ചിറ്റൂർ സ്വദേശി ഷിജുവിനെ ക്രൂരമർദനത്തിന് ഇരയാക്കിയത്. യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

റോഡിലൂടെ നടക്കുമ്പോൾ ഷിജു കല്ലിൽ തട്ടി വാഹനത്തിനു മുന്നിലേക്ക് വീഴുകയായിരുന്നു. എന്നാൽ മനഃപൂർവം വാഹനത്തിനു മുന്നിലേക്ക് ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും മർദിക്കുകയായിരുന്നു. കൂടാതെ കയർ കെട്ടി വലിച്ചിഴച്ച് ഒന്നര മണിക്കൂറോളം മഴയത്ത് നിർത്തുകയും ചെയ്തു.

ഇതുവഴി വന്ന പരിചയക്കാരാണ് ഷിജുവിനെ പോസ്റ്റിൽ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കയർ കെട്ടിയതിന്റെ പാടുകൾ ശരീരത്തിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഷിജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, മദ്യലഹരിയിൽ വാഹനം തടഞ്ഞെന്ന് ആരോപിച്ച് ഡ്രൈവറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

SCROLL FOR NEXT