പി.വി. അൻവർ, എൻ.കെ സുധീർ Source: PV ANVAR, NK Sudheer / Facebook
KERALA

"കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം"; തൃണമൂലിൽ നിന്ന് എൻ.കെ. സുധീറിനെ പുറത്താക്കി അൻവർ

അതേസമയം, ബിജെപിയിൽ പോകാൻ താൽപ്പര്യമുണ്ടെന്ന് അൻവറിനെ അറിയിച്ചിരുന്നുവെന്ന് എൻ.കെ സുധീർ ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ബിജെപി ബന്ധം ആരോപിച്ച് തൃണമൂൽ കോൺഗ്രസിൽ നിന്ന് എൻ.കെ. സുധീറിനെ പുറത്താക്കി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ. ആൾ ഇന്ത്യ തൃണമൂൽ കോൺ​ഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്ററാണ് എൻ.കെ സുധീർ. ബിജെപിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സുധീറിനെതിരെയുള്ള ആരോപണം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അടക്കം പാർട്ടി നിർദ്ദേശങ്ങൾ ലംഘിച്ചു. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിക്കെതിരെ ഉപതെരഞ്ഞെടുപ്പിൽ സുധീർ പ്രവർത്തിച്ചതിനെ കുറിച്ച് അന്വേഷിക്കും. മൂന്ന് വർഷ കാലയളവിലേക്കാണ് പുറത്താക്കൽ. ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് അൻവർ പുറത്താക്കൽ സ്ഥിരീകരിച്ചത്.

അതേസമയം, ബിജെപിയിൽ പോകാൻ താൽപ്പര്യമുണ്ടെന്ന് അൻവറിനെ അറിയിച്ചിരുന്നുവെന്ന് എൻ.കെ സുധീർ ന്യൂസ് മലയാളത്തോട് പറഞ്ഞു. അൻവർ ശക്തനായ നേതാവും ഏറ്റവും അടുത്ത സുഹൃത്തുമാണ്. അദ്ദേഹത്തെ യുഡിഎഫിൽ എടുക്കില്ലെന്ന രാഷ്ട്രീയ സത്യം മനസിലാക്കിയിട്ടാണ് പാർട്ടി വിടാൻ തീരുമാനം എടുത്തത്. താൻ പ്രതിനിധീകരിക്കുന്ന ദുർബ്ബല ജനവിഭാഗങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. അതിനുള്ള സാഹചര്യം തൃണമൂൽ കോൺ​ഗ്രസിൽ ഇല്ല. ബിജെപി ഒരു ദേശീയ പാർട്ടിയാണ്. ന്യൂനപക്ഷങ്ങൾക്കെതിരെയാണ് ബിജെപി എന്നുപറയുന്നത് തെറ്റായ കാര്യം, എൻ.കെ സുധീർ

മുൻ എഐസിസി അംഗമാണ് എൻ.കെ. സുധീർ. അൻവർ ഇടതുമുന്നണി വിട്ട ഉടൻ രൂപീകരിച്ച ഡിഎംകെ എന്ന സംഘടനയിൽ സുധീർ അംഗത്വമെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുകയും 3,920 വോട്ടുകൾ നേടുകയും ചെയ്തു. ദലിത് കോൺഗ്രസ് മുൻ നേതാവ് കൂടിയായ എൻ.കെ. സുധീർ, മുമ്പ് ആലത്തൂർ ലോക്‌സഭാമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കെപിസിസി സെക്രട്ടറിസ്ഥാനവും ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിസ്ഥാനവും വഹിച്ചിട്ടുണ്ട്.

SCROLL FOR NEXT