തൃശൂർ: മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റത്തിൽ അന്ത്യശാസനവുമായി തൃശൂർ ഡിസിസി പ്രസിഡൻ്റ്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ എട്ട് അംഗങ്ങളും രാജിവച്ചില്ലെങ്കിൽ അയോഗ്യരാക്കും എന്ന് ജോസഫ് ടാജറ്റ് മുന്നറിയിപ്പ് നൽകി. രാജിവച്ച് പരസ്യമായി തെറ്റ് ഏറ്റുപറഞ്ഞാൽ മാത്രമേ അയോഗ്യരാക്കാനുള്ള നടപടിയിൽ നിന്ന് പിന്നോട്ട് പോകൂ എന്നും ടാജറ്റ് പറഞ്ഞു.
മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൻ്റെ എട്ട് വാർഡ് മെമ്പർമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. വിമതരെ പാർട്ടിയിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാർഡ് മെമ്പർമാരുടെ രാജി സമർപ്പിച്ചത്. പിന്നാലെ കോൺഗ്രസ് വിമതയായി ജയിച്ച ടെസിയെ മുന്നിൽ നിർത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ്. മറ്റത്തൂരിൽ എൽഡിഎഫ് പത്ത് വാർഡിലും യുഡിഎഫ് എട്ടിലും രണ്ടിടത്ത് കോൺഗ്രസ് വിമതരും വിജയിച്ചിരുന്നു.