പാലക്കാടിന് പിന്നാലെ നിലമ്പൂരിലും പെട്ടി വിവാദം. കോൺഗ്രസ് നേതാക്കളുടെ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചു. ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച കാറിൽ നിന്ന് പെട്ടി പുറത്തെടുത്തായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. നിലമ്പൂരിൽ ഇത് പ്രചരാണയുധമാക്കാനാണ് യുഡിഎഫ് തീരുമാനം. പരിശോധനയുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരിക്കുകയാണ്.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. യുഡിഎഫിന് നേരെ മാത്രമാണ് പരിശോധനയെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരോട് കയർക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും ദൃശ്യങ്ങളിൽ കാണാം. ഉദ്യോഗസ്ഥർ സിപിഐഎമ്മിനായി പണിയെടുക്കുകയാണെന്ന ആരോപണവും രാഹുൽ മാങ്കൂട്ടത്തിൽ ഉയർത്തുന്നുണ്ട്.
വാഹനത്തിലുണ്ടായിരുന്നത് ജനപ്രതിനിധികളാണെന്ന് വ്യക്തമായില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പക്ഷം. എന്നാൽ ഇരുവരുടെയും വാഹനമാണെന്ന് വ്യക്തമായിട്ട് പോലും ഉദ്യോഗസ്ഥർ പെട്ടി പുറത്തെടുത്ത് പരിശോധിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ പെട്ടിക്കുള്ളിൽ വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമുയർത്തിയ കോൺഗ്രസ് ഇത് പ്രചരാണായുധമാക്കാനും തീരുമാനിച്ചിരിക്കുകയാണ്.
ഇത് കൃത്യമായ പദ്ധതിയോടെ നടത്തിയ പരിശോധനയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. പാലക്കാട്ടെ പെട്ടി വിവാദം എങ്ങനെ അവസാനിച്ചോ, അതേ തരത്തിൽ നിലമ്പൂരിലെയും പെട്ടി വിവാദം എത്തിനിൽക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. പാലക്കാടിൻ്റെ തനിയാവർത്തനമാണ് നിലമ്പൂരിലും നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ന്യൂസ് മലയാളത്തോട് പറഞ്ഞു.