തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി ട്വൻ്റി 20. എൻഡിഎയിൽ ചേർന്നെന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്, സുരേഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ ചേർന്നാണ് സാബു ജേക്കബിനെ സ്വീകരിച്ചത്.
എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് നാടിനെ മുടിപ്പിച്ചതിൽ മനം മടുത്ത്, ഇതിലൊരു മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അങ്ങനെയാണ് ജനങ്ങൾക്ക് മുന്നിൽ ട്വൻ്റി 20 എന്ന പാർട്ടിയെ അവതരിപ്പിച്ചത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു.
കേരളത്തെ മാറ്റിയെടുക്കാൻ ഒറ്റയ്ക്ക് കഴിയുമോ എന്നതിൽ ആശങ്ക ഉണ്ടായിരുന്നു. ഞങ്ങളെ ഇല്ലാതാക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. രണ്ട് പഞ്ചായത്ത് പുതുതായി പിടിച്ചെടുത്തു. തകർക്കാൻ പറ്റാത്ത പാർട്ടിയായി ട്വൻ്റി ട്വൻ്റി മാറിയെന്നും സാബു ജേക്കബ് അവകാശവാദം ഉന്നയിച്ചു.
ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് എങ്ങനെ കേരളത്തെ മാറ്റാമെന്ന് കാട്ടി കൊടുക്കണം. അതുകൊണ്ടാണ് എൻഡിഎയിൽ ചേർന്നത്. വികസിത കേരളം യാഥാർഥ്യമാക്കൽ ലക്ഷ്യമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
ഇന്ന് വലിയ സന്തോഷമുള്ള ദിവസമാണ്. നാളെ മോദി പങ്കെടുക്കുന്ന വേദിയിൽ ട്വൻ്റി 20 ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമാകുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിവാദങ്ങളുടെ രാഷ്ട്രീയ സംസ്കാരം നാടിനെ ബാധിച്ചു. അതിൽ മാറ്റം കൊണ്ടുവരാൻ എൻഡിഎക്കേ കഴിയൂവെന്ന് ജനം മനസിലാക്കുന്നു എന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.