യുവാവിനെ പുറത്തെടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

അപകടത്തിൽ പെട്ടതല്ല, ഒളിച്ചതാ...; കോഴിക്കോട് അതിഥി തൊഴിലാളി അഴുക്കുചാലിൽ വീണതിൽ ട്വിസ്റ്റ്!

ട്രെയിനിൽ നിന്ന് സുഹൃത്തുക്കളുമായി വഴക്കിട്ട് കോഴിക്കോട് ഇറങ്ങി അഴുക്കുചാലിൽ ഒളിക്കുകയായിരുന്നു...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: അഴുക്കുചാലിൽ ഇതര സംസ്ഥാന തൊഴിലാളി കുടുങ്ങിയ സംഭവത്തിൽ വഴിത്തിരിവ്. തൊഴിലാളി അപകടത്തിൽ പെട്ടതല്ലെന്നും ഓവുചാലിൽ ഒളിച്ചതാണെന്നുമാണ് കണ്ടെത്തൽ.ജോലിക്കായി കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് സുഹൃത്തുക്കളുമായി വഴക്കിട്ട് കോഴിക്കോട്ട് ഇറങ്ങി അഴുക്കുചാലിൽ ഒളിക്കുകയായിരുന്നു.

ഇന്നലെയാണ് കോഴിക്കോട്ടെ നഗര മധ്യത്തിലെ ഓടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയും സമീപത്തെ സ്ലാബ് പൊളിച്ച് ഇയാളെ പുറത്തെത്തിക്കുകയും ആയിരുന്നു. അവശനിലയിൽ ആയ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാൾ സ്വദേശിയായ അജയ് ഉറവ് ആണ് കുടുങ്ങിയതെന്ന് പിന്നീട് സ്ഥിരീകരിച്ചു.

എന്നാൽ തൊഴിലാളി അപകടത്തിൽ പെട്ടതല്ലെന്നും ഓവുചാലിൽ ഒളിച്ചതാണെന്നുമാണ് കണ്ടെത്തൽ. ബംഗാളിൽ നിന്നും കണ്ണൂരിലേക്ക് സുഹൃത്തുക്കൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്യവേ കോഴിക്കോട് വെച്ച് ഇയാളും സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടായി. തുടർന്ന് അജയ് ട്രെയിനിൽ നിന്ന് ഇറങ്ങി ഓടുകയും സഹൃത്തുക്കൾ കാണാതിരിക്കാൻ സ്ലാബിനടിയിൽ ഒളിക്കുകയുമായിരുന്നു. സുഹൃത്തുക്കൾ തിരച്ചിൽ അവസാനിപ്പിച്ചതായി കണ്ടെങ്കിലും പിന്നീട് തിരിച്ച് കയറാൻ സാധിക്കാതെ കുടുങ്ങുകയായിരുന്നു. അവശനായ അജയ് കൈകൾ പുറത്തേക്ക് കാണിച്ചതോടെ നാട്ടുകാരെത്തി ഇയാളെ പുറത്തെടുത്തു. വിവരമറിയിച്ചതിനെ തുടർന്ന് അജയ്‌യുടെ സുഹൃത്തുക്കളും കോഴിക്കോടെത്തിയിട്ടുണ്ട്.

SCROLL FOR NEXT