ലിക്ഷിത് Source: News Malayalam 24x7
KERALA

എസ് എം എ ബാധിതനായ രണ്ടര വയസുകാരന് ചികിത്സയ്ക്ക് ആവശ്യം 18 കോടി; സഹായം തേടി കുടുംബം

മൂന്ന് വയസിനു മുന്നേ മരുന്ന് നൽകി തുടങ്ങിയാലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കളിപ്പാട്ടങ്ങൾ കൂട്ടാകുന്ന പ്രായം.കളിചിരികളുമായി ഓടിക്കളിക്കേണ്ട ബാല്യം..പക്ഷേ രണ്ടര വയസുകാരൻ ലിക്ഷിത്തിന് കൂട്ട് അത്യപൂർവ്വമായ എസ് എം എ രോഗമാണ്. മയ്യിൽ സ്വദേശിയായ ലിക്ഷിത്തിൻ്റെ ചികിത്സയ്ക്കായി 18 കോടി രൂപയാണ് ആവശ്യം. നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം ആരംഭിച്ചിട്ടുണ്ടെങ്കിലും വലിയ സഹായങ്ങൾ ലഭിച്ചാൽ മാത്രമേ ആ നിഷ്കളങ്ക പുഞ്ചിരി എന്നും നിലനിർത്താനാവൂ എന്നതിനാൽ അക്ഷീണ പ്രയത്നത്തിലാണ് ചികിത്സാ കമ്മിറ്റി.

മയ്യില്‍ പഞ്ചായത്തിലെ ആറാം മൈലില്‍ താമസിക്കുന്ന അഭിലാഷ്, വിജിത ദമ്പതികളുടെ മകനാണ് ലിക്ഷിത്ത്. എസ് എം എ ടൈപ്പ്‌ 3 ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്ക് 18 കോടി രൂപ ആവശ്യമാണ്. മൂന്ന് വയസിനു മുന്നേ മരുന്ന് നൽകി തുടങ്ങിയാലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ. മകനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ നല്ല മനസ്സുകളുടെ സഹായത്തിനായി അഭ്യർഥിക്കുകയാണ് ലിക്ഷിത്തിൻ്റെ അമ്മ വിജിത.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് അസുഖം തിരിച്ചറിഞ്ഞത്. നിലവില്‍ കോഴിക്കോട് ആസ്റ്റര്‍ മിംമ്‌സിലാണ് ചികിത്സ. തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റേണ്ടതുണ്ട്. മരുന്നിൻ്റെ ആദ്യ ഡോസിന് ചെലവ് 83 ലക്ഷം രൂപയോളം വരും. നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് ധനസമാഹാരണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 14 ലക്ഷം രൂപയാണ് ലഭിച്ചത്. ഈ കുഞ്ഞു മുഖത്തെ പുഞ്ചിരി നിലനിർത്താൻ ഇനിയും വലിയ സഹായങ്ങൾ ആവശ്യമാണ്.

'നമ്മൾ മലയാളികളല്ലേ എന്നും ഇത്തരം കാര്യങ്ങളിൽ ഒരുമിച്ച് നിന്നിട്ടില്ലേ'എന്ന വിജിതയുടെ ചോദ്യമാണ് കുടുംബത്തിൻ്റെയും ചികിത്സാ കമ്മിറ്റിയുടെയും പ്രതീക്ഷ.

അക്കൗണ്ട് വിവരങ്ങള്‍

===========

LIKSHITH CHIKILSA SAHAYA COMMITTE,

ACCOUNTANT NO-00000044532821583,

IFSC-SBIN0070981,

SBI BANK KARINKALKUZHI BRANCH

GPAY NO-9048218362 (VIJITHA)

SCROLL FOR NEXT