പൂനെ: ഓൺലൈൻ ഗെയിമിന് അടിമയായ 14 വയസുകാരനിൽ നിന്ന് 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. 'ഫ്രീ ഫയർ' എന്ന ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ടാണ് 14കാരനിൽ നിന്നും യുവാക്കൾ ലക്ഷങ്ങൾ തട്ടിയെടുത്തത്.സംഭവത്തിൽ പർഭാനി നിവാസികളായ മയൂർ എന്ന ശശികാന്ത് ഭിസാദ് (21), കിഷോർ ദഹാലെ (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥനത്തിലാണ് അറസ്റ്റ്.
'ഫ്രീ ഫയർ' എന്ന ഓൺലൈൻ ഗെയിമിനായി ഐഡി എടുക്കാൻ ശ്രമിക്കുകയായിരുന്നു 14കാരൻ. ഗെയിമിന് ഐഡി നൽകാമെന്ന് പറഞ്ഞുകൊണ്ട് കുട്ടിയെ പ്രതി ശശികാന്ത് ഇൻസ്റ്റാഗ്രാമിലൂടെ ബന്ധപ്പെട്ടു. ഐഡി ലഭിക്കാനായി സ്വർണം നൽകണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ഗെയിമിന് അടിമയായിരുന്ന കുട്ടി സ്വർണം നൽകാൻ തയ്യാറായി.
ഒക്ടോബർ 10ന് വീട്ടിൽ വച്ച് കുട്ടി 3.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പ്രതികൾക്ക് കൈമാറിയതായി പൊലീസ് പറയുന്നു. സ്വർണം വാങ്ങിയ നൽകിയ ഗെയിമിങ് ഐഡി പ്രവർത്തന രഹിതമായിരുന്നെന്നും ആരോപണമുണ്ട്. മറ്റ് ഐഡി നൽകാൻ 50,000 രൂപ കൂടി വേണമെന്ന് തട്ടിപ്പുകാർ കുട്ടിയോട് ആവശ്യപ്പെട്ടു.
സംഭവം അറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. വിവിധ ബിഎൻഎസ് വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരവും പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തു. കുട്ടികൾക്ക് പഠനത്തിനായി നൽകുന്ന മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നതിൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൂനെ റൂറൽ പൊലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ പറഞ്ഞു.