ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

രാഗം തിയേറ്റർ നടത്തിപ്പുകാരനെ വെട്ടിയ കേസ്: രണ്ടുപേർ കൂടി പിടിയിൽ

കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനുമാണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനുമാണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ആദിത്യനാണ് സുനിലിന്റെ ഡ്രൈവറെ വെട്ടിയത്. ഇവർക്ക് കൊട്ടേഷൻ നൽകിയ സിജോ കഴിഞ്ഞദിവസം പിടിയിലായിരുന്നു. സിജോ അടക്കമുള്ള നാലുപേരാണ് കഴിഞ്ഞദിവസം പിടിയിലായത്.

സിജോ ജോയിയെ കൂടാതെ തൃശൂർ സ്വദേശികളായ ഡിക്സൻ വിൻസൺ ( 33 ), തോംസൺ സണ്ണി (35), എഡ്വിൻബാബു (28) എന്നിവരാണ് അറസ്റ്റിൽ ആയത്. സംഭവത്തിൻ്റെ സൂത്രധാരനും പ്രധാന പ്രതിയും സിജോ ആണെന്ന് പൊലീസ് പറഞ്ഞിരുന്നു. ആക്രമണത്തിലും ഗൂഢാലോചനയിലും കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചിരുന്നു. 21ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ചേർന്ന് രാഗം തീയേറ്റർ നടത്തിപ്പുകാരൻ സുനിൽകുമാറിനെയും ഡ്രൈവർ അജീഷിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ക്വട്ടേഷന് പിന്നിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് എന്നാണ് സൂചന. സുനിലിനെ ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ചുറ്റിക ഉപയോഗിച്ച് സുനിലിൻ്റെ കാറിൻ്റെ ഗ്ലാസ് തകർത്ത ശേഷം വാള് കൊണ്ട് വെട്ടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണമാണ് കേസിൽ ഏറെ നിർണായകമായത്.

SCROLL FOR NEXT