Source: News Malayalam 24x7
KERALA

കലാമാമാങ്കത്തിന് ഇനി രണ്ട് നാൾ: സ്വർണക്കപ്പ് പ്രയാണം പൂരനഗരിയിൽ

ജനുവരി ഏഴിന് കാസർഗോഡ് നിന്നും ആരംഭിച്ച സ്വർണക്കപ്പിന്റെ യാത്ര 13 ജില്ലകളിലും പര്യടനം നടത്തിയാണ് കലോത്സവ നഗരിയിലേക്ക് എത്തുന്നത്...

Author : അഹല്യ മണി

തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് കൊണ്ടുള്ള സ്വർണക്കപ്പ് പ്രയാണം പൂരനഗരിയിലെത്തി. സ്വർണക്കപ്പിൻ്റെ സ്വീകരണം തൃശൂരിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണ ജേതാക്കളായ തൃശൂർ ഇത്തവണയും തങ്ങൾക്ക് തന്നെ സ്വർണക്കപ്പ് നിലനിർത്താൻ ആകുമെന്ന പ്രതീക്ഷയിലാണ്.

ജനുവരി ഏഴിന് കാസർഗോഡ് നിന്നും ആരംഭിച്ച സ്വർണക്കപ്പിന്റെ യാത്ര 13 ജില്ലകളിലും പര്യടനം നടത്തിയാണ് കലോത്സവ നഗരിയിലേക്ക് എത്തുന്നത്. കാസർഗോഡ് മൊഗ്രാൽ ജിവിഎച്ച്‌എസ്‌എസിൽനിന്ന്‌ പ്രയാണമാരംഭിച്ച 117.5 പവൻ സ്വർണക്കപ്പ്‌ വിവിധ ജില്ലകളിലെ സ്വീകരണ പര്യടനത്തിന് ശേഷമാണ്‌ തൃശൂരിലെത്തിയത്. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്ന ജില്ലയ്ക്കാണ് സ്വർണക്കപ്പ് സ്വന്തമാക്കാനാകുക.

ചൊവ്വാഴ്‌ച തൃശൂർ നഗരത്തിൽ സ്വർണക്കപ്പിന്‌ സ്വീകരണം നൽകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സ്വർണക്കപ്പിന്‌ സ്വീകരണം നൽകും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക്‌ ശേഷം തലപ്പിള്ളി സബ്‌ട്രഷറിയിൽ സൂക്ഷിക്കും. ചൊവ്വാഴ്‌ച വിവിധ സ്‌കൂളുകളിലെ സ്വീകരണത്തിന് ശേഷം ഘോഷയാത്രയായി ട‍ൗൺഹാളിലേക്ക് എത്തിക്കും. ട‍ൗൺഹാളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട്‌ ജില്ലാ ട്രഷറിയിൽ സൂക്ഷിക്കും. ജനുവരി 14ന് രാവിലെ ഒൻപത് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്.

SCROLL FOR NEXT