കൊച്ചി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഇന്ന് രണ്ട് മരണം. പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കിയിൽ തോട്ടം തൊഴിലാളിയും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ടാണ് അട്ടപ്പാടിയിൽ ബൈക്ക് യാത്രികനായ ശാന്തകുമാറിനെ കാട്ടാന ആക്രമിച്ചത്. പുതൂർ തേക്കുവട്ട മേഖലയിൽ വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ശാന്തകുമാറിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ ചിന്നക്കനാലിന് സമീപം ചൂണ്ടലിൽ വെച്ചുണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയും കൊല്ലപ്പെട്ടു. വേലുച്ചാമി (63) ആണ് കൊല്ലപ്പെട്ടത്. ഏലത്തോട്ടത്തിലാണ് ആക്രമണം. ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമിച്ചത്.