നിർമാണത്തിനെത്തിച്ച മെഷീനുകൾ Source: News Malayalam 24x7
KERALA

വയനാട് തുരങ്കപാതാ നിർമാണം: പാറ തുരക്കാൻ ഭീമൻ ബൂമർ മെഷീനുകൾ; എത്തിയത് ഉത്തരാഖണ്ഡിൽ നിന്നും

സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന വയനാട് തുരങ്കപ്പാത നിർമാണത്തിന് വേഗം കൂട്ടുന്ന അത്യാധുനിക യന്ത്രമാണിത്

Author : ന്യൂസ് ഡെസ്ക്

വയനാട്: തുരങ്കപാത നിർമാണത്തിന് പാറ തുരക്കുന്ന രണ്ട് ബൂമർ മെഷീനുകൾ എത്തി. ഉത്തരാഖണ്ഡിൽ നിന്നും 15 ദിവസം കൊണ്ടാണ് യന്ത്രങ്ങൾ വയനാട്ടിലെത്തിച്ചത്. വയനാടിൻ്റെ യാത്ര ദുരിതം പരിഹരിക്കാനുള്ള തുരങ്കപാതയിൽ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന വയനാട് തുരങ്കപ്പാത നിർമാണത്തിന് വേഗം കൂട്ടുന്ന അത്യാധുനിക യന്ത്രമാണിത്. കടുപ്പമേറിയ പാറ തുരക്കാൻ ശേഷിയുള്ള സാൻഡ്‌വിക് കമ്പനിയുടെ ഭീമാകാരമായ സർഫസ് ടോപ്പ് ഹാമർ ഡ്രിൽ റിഗ്ഗാണ്  ജില്ലയിലെത്തിയത്. തുരങ്ക നിർമ്മാണ സൈറ്റിലേക്ക് കൊണ്ടുപോകുന്നതിന് കൽപ്പറ്റ ബൈപ്പാസിലെ ടൗൺഷിപ്പിന് സമീപമാണ് നിലവിൽ യന്ത്രങ്ങൾ ഉള്ളത്.

റോഡ്, ഖനനം, നിർമാണം തുടങ്ങിയ മേഖലകളിൽ ലോകോത്തര നിലവാരമുള്ള യന്ത്രങ്ങൾ നിർമ്മിക്കുന്ന സാൻഡ്‌വിക്ക് എന്ന കമ്പിനിയുടേതാണ് ഈ ഡ്രില്ലിംഗ് റിഗ്ഗ്. പദ്ധതിയുടെ കരാറുകാരായ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് ഇത് വയനാട്ടിൽ എത്തിച്ചത്.

തുരങ്കപ്പാത നിർമിക്കുമ്പോൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിന് മുൻപായി, കൃത്യമായ അളവിലും ആഴത്തിലും ദ്വാരങ്ങൾ നിർമ്മിക്കുക എന്നതാണ് ഈ യന്ത്രത്തിൻ്റെ പ്രധാന ദൗത്യം. വയനാട് തുരങ്കപ്പാത നിർമ്മാണത്തിന് ഇത് നിർണായകമാണ്. ഈ അത്യാധുനിക യന്ത്രത്തിന്റെ വരവോടെ, കോഴിക്കോട്- വയനാട് പാതയിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്ന തുരങ്കപ്പാത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൈവരിക്കുമെന്നാണ് പ്രതീക്ഷ.

SCROLL FOR NEXT