കണ്ണൂർ: അഞ്ചരക്കണ്ടിയിൽ മെഡിക്കൽ കോളേജിൽ ബിഡിഎസ് വിദ്യാർഥി നിധിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവർക്കാണ് സസ്പെൻഷൻ. അന്വേഷണസമിതിയേയും രൂപീകരിച്ചു.
സംഭവത്തിൽ വകുപ്പ് മേധാവിക്ക് എതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു. നിറത്തിൻ്റെ പേരിൽ കടുത്ത അധിക്ഷേപമാണ് നിതിൻ രാജ് നേരിട്ടത്. നിതിനെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്നും സീനിയേഴ്‌സിൽ നിന്നുള്ള റാഗിങ്ങും ജീവനൊടുക്കാൻ കാരണമായെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കോളേജ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയി നിന്നും ചാടി നിധിൻ രാജ് ജീവനൊടുക്കിയത്. ഇന്ന് നിതിൻ രാജ് വീട്ടിലേക്ക് എത്തേണ്ടതായിരുന്നു. വൈകുന്നേരം മൂന്ന് മണി വരെ സംസാരിച്ചിരുന്നു എന്നും കുടുംബം പറഞ്ഞു.