KERALA

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: പ്രതികളെ വെറുതെവിട്ടതിനെതിരായ സിബിഐ അപ്പീലില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമായ കസ്റ്റഡി പീഡനമാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള സിബിഐ അപ്പീലില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി. പൊലീസ് ഉദ്യോഗസ്ഥരായ ജിതകുമാര്‍.കെ, ടി. അജിത് കുമാര്‍, ഇ.കെ. സാബു, ടി. കെ. ഹരിദാസ് എന്നീ നാല് പ്രതികളെയായിരുന്നു ഹൈക്കോടതിയാണ് കുറ്റവിമുക്തരാക്കിയത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമായ കസ്റ്റഡി പീഡനമാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബര്‍ 27ന് പകല്‍ രണ്ടു മണിക്കാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സിഐ ആയിരുന്ന ഇ.കെ. സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ളവരാണ് ആക്രി കച്ചവടക്കാരനായ ഉദയകുമാറിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്.

കേസ് പോലും ചാര്‍ജ് ചെയ്യാതെ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു കേസ്. ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പൊലീസുകാര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും എസ്.ഐ അജിത് കുമാറും സിഐ ഇ.കെ. സാബുവുമായി ഗൂഢാലോചന നടത്തിയെന്നും സിബിഐ കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് അഞ്ച് പേരെയും കോടതി ശിക്ഷിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് വധശിക്ഷയും വിധിച്ചിരുന്നു. ഈ കേസിലാണ് തെളിവില്ലെന്ന് കണ്ട് ഹൈക്കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടത്. അഞ്ച് പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

SCROLL FOR NEXT