പിഎം ശ്രീ Source: News Malayalam 24x7
KERALA

വീണ്ടും പഠിക്കും... പിഎം ശ്രീ പഠിക്കാൻ വീണ്ടും മന്ത്രിസഭ ഉപസമിതി

ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഉപസമിതിക്ക് രൂപം നൽകാൻ മന്ത്രിസഭായോഗം. പദ്ധതിയെ കുറിച്ച് വിശദമായി പഠിക്കാനാണ് ഉപസമിതി രൂപീകരിക്കുക. തുടർനടപടികൾ ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷം സ്വീകരിക്കും. ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും, പദ്ധതിയിലെ കേന്ദ്ര സർക്കാരിന്‍റെ നിബന്ധനകളോട് വിയോജിപ്പുണ്ടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു. മുൻ എൽഡിഎഫ് സർക്കാരാണ് പദ്ധതിയിൽ ഒപ്പുവച്ചതെന്നും, മന്ത്രിയെന്ന നിലയിൽ തനിക്ക് ഒറ്റയ്ക്ക് ഇതിൽ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും വിഷയം യുഡിഎഫിൽ വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകൾക്ക് മേൽ കേന്ദ്രം നിബന്ധനകളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് മന്ത്രി ഷംസുദ്ദീൻ പറയുന്നത്. ഫെഡറൽ സംവിധാനത്തിന് നിരക്കാത്ത ഈ നടപടികളോടുള്ള രാഷ്ട്രീയ വിയോജിപ്പ് ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. പൂർണമായി പിന്മാറണം എന്ന് വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിലവിലുള്ള ഒരു കരാർ എന്ന നിലയിൽ ഇതിൽ എന്ത് തുടർനടപടി സ്വീകരിക്കണം എന്നതിൽ യുഡിഎഫ് മുന്നണിയിൽ നയപരമായ ചർച്ചകൾ ആവശ്യമാണ്. മുന്നണിയിൽ ആലോചിച്ച ശേഷം മാത്രമേ സർക്കാരിന് അന്തിമ തീരുമാനത്തിലേക്ക് എത്താൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT