അടൂർ പ്രകാശ്, രാഹുൽ മാങ്കൂട്ടത്തിൽ Source: Facebook
KERALA

"മാങ്കൂട്ടത്തിലിനെതിരായ പരാതി സിപിഐഎമ്മിൻ്റെ കെണി, എല്ലാ കാലത്തും ഇത്തരം ഇരകളെ അവർക്ക് ലഭിക്കും"; അതിജീവിതയെ അവഹേളിച്ച് അടൂർ പ്രകാശ്

പഴയകാര്യങ്ങൾ എടുത്ത് നോക്കിയാൽ അത് മനസിലാകുമെന്നും അടൂർ പ്രകാശ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി സിപിഐഎമ്മിൻ്റെ കെണിയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ശബരിമല സ്വർണക്കൊള്ള കേസ് വഴിമാറ്റി വിടാനാണ് സിപിഐഎം ശ്രമിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പ് സമയത്തും കേസുകൾ ഉണ്ടാക്കിയെടുക്കുന്നത് സിപിഐഎമ്മിൻ്റെ ലക്ഷ്യമാണ്. ഇത്തരം ഇരകൾ എല്ലാകാലത്തും സിപിഐഎമ്മിന് ലഭ്യമാണ്. പഴയകാര്യങ്ങൾ എടുത്ത് നോക്കിയാൽ അത് മനസിലാകും എന്നുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

രാഹുലിൻ്റെ പേരിലുള്ള കേസിൽ അന്വേഷണം നടത്തി വസ്തുത പുറത്തു കൊണ്ടുവരികയാണ് വേണ്ടത്. അല്ലാതെ ഇതിൽ പുകമറ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ല. പാർട്ടി നടപടിയെടുത്ത സ്ഥിതിക്ക് പുതിയ നടപടികളിലേക്ക് തൽക്കാലം കടക്കില്ല. കേസിന്റെ ഗതി അറിഞ്ഞശേഷം തുടർനടപടികൾ എടുക്കാമെന്നാണ് പൊതുധാരണ. നിലവിൽ രാഹുലിനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടില്ല. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തിയേക്കും, അടൂർ പ്രകാശ്.

രാഹുൽ വിഷയത്തിൽ പൊലീസ് നിയമനടപടി സ്വീകരിക്കട്ടെ എന്നാണ് എം.എം. ഹസ്സൻ്റെ പ്രതികരണം. വിഷയത്തിൽ പാർട്ടി നടപടി എടുത്തതാണ്. നിയമനടപടിക്ക് പാർട്ടിയോ രാഹുലോ തടസം നിൽക്കില്ല. മൂന്ന് മാസത്തെ കാലതാമസം എന്തിനാണ് പരാതിക്കെന്നും എം.എം. ഹസ്സൻ്റെ ന്യായം. പെട്ടെന്ന് പരാതി കൊടുത്തത് സിപിഐഎം നേതാക്കൾ ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിൽ ആകുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും വാദം.

പരാതി നൽകിയ രീതി വിചിത്രമാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് അല്ലലോ പൊലീസ് സ്റ്റേഷനിൽ അല്ലേ പരാതി കൊടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചുവരുത്തിയാണോ പരാതി വാങ്ങേണ്ടത്? പരാതിക്ക് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ട്. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന് വേണ്ടിയുള്ള നീക്കമാണ്. തന്റെ ഭാഗം തെളിയിക്കും എന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്. സസ്‌പെൻഷൻ കടുത്ത ശിക്ഷയാണ്. കുറ്റം തെളിഞ്ഞാൽ പുറത്താക്കും. രാഹുലിന് രാഷ്ട്രീയ പിന്തുണ ഇല്ലെന്നും എം.എം. ഹസ്സൻ പറഞ്ഞു.

SCROLL FOR NEXT