കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ധാരണയിലെത്താതെ യുഡിഎഫ്. ഏറ്റുമാനൂർ, ചങ്ങനാശേരി, പൂഞ്ഞാർ, എന്നിവിടങ്ങളിൽ അനിശ്ചിതത്വം തുടരുന്നതിനാലാണ് സീറ്റിൽ ധാരണയാകാത്തത്. ഏറ്റുമാനൂരും ചങ്ങനാശേരിയും വേണമെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. എന്നാൽ ചങ്ങനാശേരി വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം.
ഏറ്റുമാനൂർ കോൺഗ്രസ് എടുത്താൽ പകരം സീറ്റ് വേണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പൂഞ്ഞാർ നൽകി ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് ആലോചന നടത്തുന്നുണ്ട്. എന്നാൽ പത്തു സീറ്റിലും മത്സരിക്കണമെന്നും പൂഞ്ഞാർ സീറ്റിലേയ്ക്ക് മാത്രം ചുരുക്കാൻ അനുവദിക്കില്ലെന്നുമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ നിലപാട്.