തിരുവനന്തപുരം: വിപുലീകൃത സംസ്ഥാന, ജില്ലാ കമ്മിറ്റി യോഗങ്ങൾ പരിശോധിച്ച് സിപിഐഎം ഭാവികർമ പരിപാടികൾ ചർച്ച ചെയ്തുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് സർക്കാരിൻ്റേത് കേന്ദ്ര സർക്കാരിൻ്റേതിന് സമാനമായ കോർപ്പറേറ്റ് ഹിന്ദുത്വ നയമാണ്. കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക നയം ഇവിടെയും ആവർത്തിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കിഫ്ബിയെ തകർത്ത് കേരള വികസനത്തെ ദുർബലപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾ ശ്രമിച്ചതെന്നും അതിനെ അതിജീവിച്ചാണ് സർക്കാർ മുന്നോട്ട് പോയതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ അതേ താൽപ്പര്യമാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ നിർവഹിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
"എല്ലാം സ്വകാര്യവൽക്കരിക്കുമെന്ന അജണ്ടയാണ് സർക്കാരിനുള്ളത്. ആരോഗ്യ മേഖലയിൽ രൂപീകരിച്ച ടാസ്ക് ഫോഴ്സ് അംഗങ്ങളിൽ വൻ അഴിമതിക്കാരുണ്ട്. എന്തിനാണ് ഇവരെ വിദഗ്ധമായി അതിൽ ഉൾപ്പെടുത്തിയത്? എല്ലാം സ്വകാര്യവൽക്കരിക്കുക എന്ന അജണ്ട ആരോഗ്യ മേഖലയിൽ നടപ്പിലാക്കാനാണ് ശ്രമം. ആരോഗ്യ മേഖലയെ തകർക്കാനാണ് യുഡിഎഫ് സർക്കാരിൻ്റെ ശ്രമം. മരുന്ന് ക്ഷാമം സർക്കാർ ആശുപത്രിയിൽ രൂക്ഷമാണ്. ഡോക്ടർമാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്," എം.വി. ഗോവിന്ദൻ വിമർശിച്ചു.
"എസ്.എം.എ മരുന്ന് വിവാദത്തിൽ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണം. വിഷയത്തിൽ ആരോഗ്യമന്ത്രി കൃത്യമായി മറുപടി പറയുന്നില്ല. മുൻ ആരോഗ്യമന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മന്ത്രി ചെയ്യുന്നത്. വൃത്തികെട്ട രീതിയിലാണ് ആരോഗ്യമന്ത്രി നിലപാടെടുത്തത്. മറുപടി ഇല്ലാത്തതിനാലാണ് അവരെ ചീത്ത പറഞ്ഞത്. ഉപയോഗിച്ച പദം ഞാനിവിടെ പറയുന്നില്ല," സിപിഐഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു.