തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീര്യം കുറഞ്ഞ മദ്യം വിപണിയിൽ എത്തിക്കുന്നതിൽ പുനരാലോചനയ്ക്ക് യുഡിഎഫ്. നികുതി നിശ്ചയിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും മദ്യം വിപണിയിൽ എത്തിക്കുന്ന കാര്യത്തിൽ കൂട്ടായ ചർച്ചയ്ക്ക് ശേഷമാകും തീരുമാനമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
കഴിഞ്ഞദിവസം എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സതീശൻ നയം വ്യക്തമാക്കിയത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് വരുത്തിയ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്നും യുവത സാമുദായിക സംഘടനയുടെ ഭാഗത്തുനിന്നും എതിർപ്പ് ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വേഗത്തിൽ ഒരു തീരുമാനം സ്വീകരിക്കേണ്ടന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ഇന്നലെ മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ എക്സൈസ് വകുപ്പ് മന്ത്രി ബജറ്റ് നിർദേശം ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. പദ്ധതി നടപ്പിലാക്കിയാൽ ഉണ്ടാകുന്ന ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. അതേസമയം നിയമസഭയിൽ വിഷയം ഇന്ന് ചർച്ചയിൽ കൊണ്ടുവരാനാണ് എൽഡിഎഫ് തീരുമാനം.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ കോൺഗ്രസിലും യുഡിഎഫിലും അമർഷമുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഏകപക്ഷീയമായ തീരുമാനമാണ് നികുതി ഇളവെന്ന ആക്ഷേപം അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു കോൺഗ്രസിനുള്ളിൽ നിന്നും ഉയരുന്ന തിരുത്തൽ സമ്മർദം. നികുതിയിളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ പ്രതികരണം. ഇപ്പോഴുണ്ടായ ആശങ്ക ദുരീകരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാണെന്നും നയപരമായ കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു.