തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണ് ആഗോള അയ്യപ്പ സംഗമം എന്ന വിലയിരുത്തലിലാണ് തീരുമാനം. രാഷ്ട്രീയ അജണ്ട ജനങ്ങളെ തുറന്ന് കാണിക്കുകയാണെന്നാണ് ലക്ഷ്യമെന്നാണ് യുഡിഎഫിൻ്റെ നിലപാട്.
കഴിഞ്ഞ ദിവസമാണ് ആഗോള അയ്യപ്പ സംഗമത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണിച്ചത്. സതീശനെ കാണാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കന്റോൺമെന്റ് ഹൗസിൽ നേരിട്ടെത്തുകയായിരുന്നു. എന്നാൽ പി.എസ്. പ്രശാന്തിനെ കാണാൻ വി.ഡി. സതീശൻ കൂട്ടാക്കിയിരുന്നില്ല. ഇതോടെ ക്ഷണക്കത്ത് നൽകി പി.എസ്. പ്രശാന്ത് മടങ്ങി.
സംഘപരിവാറിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഭൂരിപക്ഷ വർഗീയത വളർത്താനുമാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് നേരത്തെ പ്രതിപക്ഷ നേതാവ് ആരോപിച്ചത്. സംഘാടക സമിതിയിൽ തൻ്റെ പേരും വച്ചിട്ടുണ്ടെന്നും എന്നാല്‍ അത് അനുവാദമില്ലാതെയാണെന്നും തങ്ങള്‍ പരിപാടിയുമായി സഹകരിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. ശബരിമല പ്രക്ഷോഭ കാലത്ത് സമരം ചെയ്ത വിശ്വാസികൾക്കെതിരായ കേസുകൾ പിൻവലിക്കും എന്ന് പറഞ്ഞ സർക്കാർ വാക്കുപാലിച്ചിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.