കൊച്ചി: കലൂർ സ്റ്റേഡിയം അപകടത്തിൻ്റെ ഉത്തരവാദികൾ ആരെന്നു പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉമാ തോമസ് എംഎൽഎ. എന്തുകൊണ്ട് പരിപാടിക്ക് അനുമതി കൊടുത്തു എന്നതിന് പോലും വ്യക്തമായ മറുപടി ജിസിഡിഎയിൽ നിന്ന് ലഭിച്ചില്ല. മൃദംഗ വിഷന് സമൻസ് അയച്ചിട്ട് അവർ കൈപ്പറ്റിയില്ലെന്നാണ് അറിഞ്ഞത്. അഡ്രസ് പോലും ഇല്ലാത്തവർക്കാണോ സ്റ്റേഡിയം വാടകയ്ക്ക് നൽകിയത്? തനിക്ക് അല്ലെങ്കിൽ മറ്റാർക്കെങ്കിലും അന്ന് അപകടം സംഭവിക്കുമായിരുന്നുവെന്നും ഉമാ തോമസ് എംഎൽഎ പറഞ്ഞു. അപകടത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഉമാ തോമസിൻ്റെ പ്രതികരണം.
കഴിഞ്ഞദിവസമാണ് കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജിസിഡിഎയ്ക്ക് ഉമാ തോമസ് എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. അപകടത്തിന്‍റെ ആഘാതം ഇപ്പോഴും തുടരുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സ്റ്റേഡിയം ഉടമകളായ ജിസിഡിഎക്ക് നോട്ടീസ് അയച്ചത്. സംഘാടകരായ മൃദംഗ വിഷൻ ആന്‍റ് ഓസ്കാർ ഇവന്റ് മാനേജുമെന്റിന്‍റെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിയം അനുവദിച്ചതെന്ന് നോട്ടീസിൽ ആരോപിക്കുന്നുണ്ട്.
തറനിരപ്പിൽ നിന്ന് 10.5 മീറ്റർ ഉയരത്തിൽ ഗാലറിയുടെ മുകളിൽ താൽക്കാലികമായി തയറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. കൈവരി ഉണ്ടായിരുന്നില്ല. മുൻനിര സീറ്റിന് മുൻ ഭാഗത്ത് ഉണ്ടായിരുന്നത് 50 സെന്റി മീറ്റർ സ്ഥലമാണ്. ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച് താഴെ വീണതെന്നും നോട്ടീസിൽ എംഎൽഎ ചൂണ്ടികാട്ടുന്നുണ്ട്.