കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇടപെടേണ്ടെന്ന് ചിലർ പി.ടി. തോമസിനോട് അഭ്യർത്ഥിച്ചിരുന്നുവെന്ന് ഉമാ തോമസ് എംഎൽഎ. താൻ ഒന്നും കൂട്ടിയും പറയില്ല, കുറച്ചും പറയില്ല എന്ന് പി.ടി. മറുപടി നൽകിയെന്നും അവരുടെ പേരുകൾ താൻ പറയുന്നില്ലെന്നും ഉമാ തോമസ് പറഞ്ഞു. കേസിൽ ഡിസംബർ എട്ടിന് കോടതി വിധി പറയാനിരിക്കെയാണ് ഉമാ തോമസിൻ്റെ പ്രതികരണം.
''ഡിസംബര്‍ എട്ടിന് വിധി വരുകയാണെന്ന് കേട്ടപ്പോള്‍ വലിയ സന്തോഷം. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ കിട്ടുമെന്നാണ് വിശ്വസിക്കുന്നത്. വിധി വരുന്നെന്ന് അറിഞ്ഞപ്പോള്‍ പി.ടിയുടെ ആ ദിവസത്തെക്കുറിച്ചാണ് ഞാന്‍ ഓര്‍ത്തത്. വീട്ടില്‍വന്ന് കിടന്നയുടനെയാണ് പെട്ടെന്ന് ഫോണ്‍ വന്നത്. ഞാന്‍ ഒരുസ്ഥലം വരെ പോയിട്ടുവരാമെന്ന് പറഞ്ഞ് ഇറങ്ങി. എവിടേക്ക് പോവുകയാണെങ്കിലും സാധാരണ പറയാറുണ്ട്. പക്ഷേ, അന്ന് ഒരു അത്യാവശ്യകാര്യമാണെന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെ ഒരിക്കലും പി.ടി. പറയാറില്ല.
പോയി തിരിച്ചുവന്നപ്പോള്‍ പി.ടി. ഭയങ്കര അസ്വസ്ഥനായിരുന്നു. അന്ന് ഉറങ്ങിയിട്ടേ ഇല്ലെന്ന് പറയാം. എരിപിരികൊള്ളുന്നപോലെയായിരുന്നു. സ്വന്തം മകള്‍ക്ക് സംഭവിച്ചതിന്റെ വേദനയാണ് പി.ടി.യില്‍ കണ്ടത്. ഇനിയൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കരുത്, ധീരമായി നില്‍ക്കണമെന്ന് പി.ടി. ആ കുട്ടിയോട് പറഞ്ഞു. പി.ടിയുടെ ഫോണില്‍നിന്നാണ് ഐജിയെ വിളിച്ചുകൊടുത്തത്. ആ കുട്ടി ഫോണിലൂടെ എല്ലാംപറഞ്ഞു. സത്യം എന്തായാലും പുറത്തുവരുമെന്നും പി.ടി. ആത്മധൈര്യം കൊടുത്തു.
മൊഴികൊടുക്കാന്‍ പോയപ്പോള്‍ പി.ടിക്ക് കുറച്ച് ദുരനുഭവമൊക്കെ ഉണ്ടായി. മൊഴി കൊടുക്കേണ്ട എന്ന ഒരു പക്ഷമുണ്ടായിരുന്നു. മൊഴി ശക്തമാകരുതെന്ന് പറഞ്ഞവരുണ്ടായിരുന്നു. പല ഇടപെടലുകളുമുണ്ടായി. പക്ഷേ, അതിന് പി.ടി. പറഞ്ഞ ഉത്തരം, ഞാന്‍ ഒന്നും കൂട്ടി പറയില്ല, പക്ഷേ, ഞാന്‍ ഒന്നുംകുറച്ച് പറയാനും തയ്യാറല്ല എന്നായിരുന്നു. പി.ടി. നിലപാടില്‍ ഉറച്ചുനിന്നു. ഇടപെടല്‍ നടത്തിയ പലരുമുണ്ട്. പി.ടി. ഒരിക്കലും ഒരാളുടെയും പേര് എടുത്തുപറഞ്ഞിട്ടില്ല. തെറ്റ്‌ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്'', ഉമാ തോമസ്.
നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷിയായിരുന്നു അന്തരിച്ച മുന്‍ എംഎല്‍എ പി.ടി. തോമസ്. അതിക്രമത്തിന് പിന്നാലെ നടിയെ കണ്ട ആദ്യത്തെ ആളുകളില്‍ ഒരാളായിരുന്നു അദ്ദേഹം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പി.ടി. തോമസിനെ സാക്ഷിചേർത്തത്. കൊച്ചിയിലെ പ്രത്യേക കോടതിയിൽ അദ്ദേഹം വിസ്താരത്തിനും ഹാജരായിരുന്നു. കേസിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം 2021ലാണ് അന്തരിച്ചത്.