ഉമർ ഫൈസി മുക്കം, ബഹാവുദ്ദീൻ നദ്‌വി Source: Facebook
KERALA

ജനപ്രതിനിധികൾക്ക് വൈഫ് ഇൻ ചാർജുമാർ ഉണ്ടെന്ന അഭിപ്രായം തനിക്കോ, സമസ്തയ്‌ക്കോ ഇല്ല; നദ്‌വിയുടെ പരാമർശത്തെ തള്ളി ഉമർ ഫൈസി മുക്കം

നദ്‌വിയെ പുറത്താക്കണമെന്ന് അഭിപ്രായമില്ലെന്നും, അദ്ദേഹത്തിൻ്റെ വാക്കുകൾ ആ രൂപത്തിലായത് ശരിയല്ലെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ബഹാവുദ്ദീൻ നദ്‌വിയുടെ പരാമർശത്തെ തള്ളി ഉമർ ഫൈസി മുക്കം. ജനപ്രതിനിധികൾക്ക് വൈഫ് ഇൻ ചാർജുമാർ ഉണ്ട് എന്ന അഭിപ്രായം തനിക്കോ, സമസ്തയ്ക്കോ ഇല്ലെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. മറ്റുള്ളവരെ കുറിച്ചുള്ള ആരോപണം വസ്തുതാപരമായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രിമാർക്കും മറ്റ് ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ട് എന്നായിരുന്നു ഡോ. ബഹാവുദ്ദീൻ നദ്‌വിയുടെ പരാമർശം. സമസ്ത മുശാവറ അംഗം എന്നത് ഉത്തരവാദിത്തപ്പെട്ട പദവിയാണ്. അദ്ദേഹം എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞതെന്ന് അറിയില്ല. മുസ്ലിംലീഗിൻ്റയും കമ്മ്യൂണിസ്റ്റിൻ്റെയും കോൺഗ്രസിൻ്റെയും ആളുകളെ വരെ ഈ പരാമർശം കൊണ്ട് സംശയത്തിലാക്കുകയാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

ഇഎംഎസിൻ്റെ അമ്മയെ കുറിച്ച് പറഞ്ഞ സംഭവത്തിൻ്റെ ചരിത്രം തനിക്കറിയില്ല. ബഹുഭാര്യത്വം അനിവാര്യ ഘട്ടങ്ങളിൽ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. പക്ഷേ അതിന് തന്നെ കർശന നിബന്ധനകൾ ഉണ്ട്. എന്നാൽ ഇസ്ലാമിനെ ആക്ഷേപിക്കാൻ പലരും ഉപയോഗിക്കുന്ന സംഗതിയാണ് ബഹുഭാര്യത്വം. ശൈശവ വിവാഹവും അങ്ങനെ തന്നെയാണ്. എന്നാൽ പഠിപ്പ് കൂടിയതോടെ വിവാഹപ്രായവും കൂടിയെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി.

സമസ്തയിലെ തർക്കം പരിഹരിക്കാൻ കഴിഞ്ഞ മുശാവറ തീരുമാനിച്ചിട്ടുണ്ട്. അത് എവിടെ വരെ എത്തി എന്ന് ഈ മുശാവറ ചർച്ച ചെയ്യും. 9 കാര്യങ്ങൾ നടപ്പാക്കിയാൽ വിഷയം തീരും, എന്നാൽ അത് നടപ്പായിട്ട് കാണുന്നില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. വൈകിപ്പോകുന്നതിനെ കുറിച്ച് അതാത് നേതാക്കൾ മറുപടി പറയണം.

തന്നെ സഖാവ് ഉമർ ഫൈസി എന്നാണ് ചിലരൊക്കെ പറയാറുള്ളത്. എന്നാൽ താൻ മന്ത്രിമാർക്ക് അനുകൂലമായി നിൽക്കാറില്ല. സമസ്തയുടെ കാര്യങ്ങൾ പറയുന്നതല്ലാതെ മറ്റൊന്നും പറയാറില്ല. എല്ലാ രാഷ്ട്രീയക്കാരും തനിക്ക് ഒരുപോലെയാണ്. സമസ്തയോട് സഹകരിക്കുന്നവരുമായി സഹകരിക്കും. എതിർക്കുന്നവരെ എതിർക്കും. നദ്‌വിയെ പുറത്താക്കണമെന്ന് അഭിപ്രായമില്ലെന്നും, അദ്ദേഹത്തിൻ്റെ വാക്കുകൾ ആ രൂപത്തിലായത് ശരിയല്ലെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി.

SCROLL FOR NEXT