ഡൽഹി: കോൺഗ്രസ് പുനഃസംഘടനാ ചർച്ച തുടരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്ക പട്ടിക സമർപ്പിക്കാൻ ഇതുവരെ ആയിട്ടില്ല. ഒൻപത് ഡിസിസികളിൽ അധ്യക്ഷന്മാർ മാറുമെന്നാണ് വിവരം.
തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള ഡിസിസികളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. തൃശൂരിൽ പുതിയതായി നിയമിച്ച അധ്യക്ഷനാണ്. മറ്റു നാലിടങ്ങളിലെ പ്രവർത്തനം വിലയിരുത്തികൊണ്ടാണ് മാറ്റം വേണ്ടെന്ന നിലപാടിലെത്തിയത്. എന്നാൽ ഇതിനോട് എല്ലാ നേതാക്കളും യോജിച്ചിട്ടില്ല.
ചുരുക്കപ്പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്നും നാലും വരെ പേരുകളാണ് ഓരോ ജില്ലയിൽ നിന്നും ഉയരുന്നത്. പേരുകളുടെ കാര്യത്തിലും സമവായത്തിലെത്താൻ നേതാക്കൾക്കായിട്ടില്ല. നിലവിൽ കൊണ്ടുവന്ന മാനദണ്ഡങ്ങളിൽ വ്യക്തത കുറവുണ്ടെന്നാണ് നേതാക്കളുടെ നിലപാട്.
ചുമതല മാറുന്നതോടെ, ഡിസിസി അധ്യക്ഷന്മാരെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് മാറ്റാനാണ് നീക്കം. മുതിർന്ന നേതാക്കൾക്കും യുവജനങ്ങൾക്കും കെപിസിസി ചുമതല നൽകിയേക്കും. അങ്ങനെയെങ്കിൽ കെപിസിസിക്ക് വരിക ജംബോ കമ്മറ്റി ആകും. കെപിസിസി തലത്തിൽ ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ , ട്രഷറർമാർ എന്നിവരാണ് വരിക. കേരളത്തിൽനിന്ന് എംപിമാരുമായി കഴിഞ്ഞ ദിവസം നേതാക്കൾ ചർച്ച നടത്തിയിരുന്നു. ഇന്നത്തെ ചർച്ചയ്ക്ക് ശേഷം വീണ്ടും എഐസിസി നേതൃത്വത്തെ കാണും. പത്താം തീയതിയോടെ പട്ടിക പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ.