തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളം. മുൻ വർഷങ്ങളിൽ കേന്ദ്രബജറ്റിൽ അവഗണന ആയിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയത് കേരളത്തിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ചുരുങ്ങിയപക്ഷം എയിംസെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് കേരളത്തിനുള്ളത്.
കേന്ദ്ര ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്താണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർമലാ സീതാരാമന് കൈമാറിയത്. 21000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഇടനാഴി, റെയർ എർത്ത് കോറിഡോർ, മനുഷ്യ മൃഗ സംഘർഷം കുറയ്ക്കാനും കൃഷി നാശം തടയാനുമുള്ള പദ്ധതികൾക്കായി 1000 കോടി സഹായം തുടങ്ങിയ ആവശ്യങ്ങളാണ് കേരളത്തിൻ്റെ കത്തിലുള്ളത്.
വിഴിഞ്ഞം തുറമുഖം പദ്ധതിയുടെ റെയിൽ കണക്റ്റിവിറ്റി, തുറമുഖവുമായി ചേർന്ന് വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ് തുടങ്ങി വിവിധ മേഖലകളിലെ പദ്ധതിയുടെ അനുബന്ധ വികസനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നാണ് മറ്റൊരു ആവശ്യം. കേരളത്തിൻ്റെ വായ്പാ പരിധി വർധിപ്പിക്കുക. ജിഎസ്‌ടി നഷ്ടപരിഹാരം പുനസ്ഥാപിക്കുക. ഇ–കൊമേഴ്സ് ഇടപാടുകൾക്ക് പെരുമാറ്റച്ചട്ടം തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്.
ഇത്തവണത്തെ ബജറ്റിൽ എയിംസ് പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങൾക്കും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചേക്കും. കേന്ദ്ര ബജറ്റിന് പുറമേ 16 ആം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് അനുകൂലമാക്കുമെന്ന പ്രതീക്ഷ കൂടി സംസ്ഥാനത്തിനുണ്ട്.