KERALA

"പിണറായി വിജയൻ എൻഡിഎയിൽ ചേർന്നാൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന്‌ ലഭിക്കും"; സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അത്തേവാല

ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻഡിഎയിലേക്ക് വരണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അത്തേവാല. എൻഡിഎയിൽ ചേർന്നാൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന്‌ ലഭിക്കും. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബിജെപിയെ എതിർത്തോളൂ, പക്ഷെ വികസനത്തെ എതിർക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്ന് കൂടുതൽ പേർ റിപ്പബ്ലിക് പാർട്ടിയിലേക്ക് എത്തുന്നുണ്ട്. പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകും. ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻഡിഎയിലേക്ക് വരണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെക്ക് ആണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല. കേന്ദ്രമന്ത്രി ശോഭ കരന്തലജെക്ക് സഹചുമതലയും നൽകിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റതിന് പിന്നാലെയാണ് കേരളത്തിന്റെ ചുമതലക്കാരെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിലേറാമെങ്കിൽ കേരളത്തിലും അധികാരത്തിലേറാം എന്നതാണ് ബിജെപി ദേശീയ നേതൃത്വം മുന്നോട്ട് വയ്ക്കുന്ന പ്രചരണം. തലസ്ഥാന വിജയം ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുന്നുണ്ട്. മോദി കൂടി എത്തുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സംഘടനാ സംവിധാനങ്ങളുമായി മുന്നോട്ട് പോകാം എന്നാണ് നേതൃത്വം കണക്ക് കുട്ടുന്നത്.

SCROLL FOR NEXT