എൻ.എം വിജയൻ്റെ കുടുംബവുമായി കരാർ ഇല്ലെന്ന കെപിസിസി അധ്യക്ഷൻ്റെ വാദം അടപടലം പൊളിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. കുടുംബവുമായി ധാരണ ഉണ്ടായിരുന്നതായി വി ഡി സതീശൻ ന്യൂസ് മലയാളത്തോട് സ്ഥിരീകരിച്ചു. മുൻ ഡിസിസി ട്രഷറുടെ ആത്മഹത്യയിൽ ആ കുടുംബത്തോടൊപ്പം ആണ് പാർട്ടി നിലകൊണ്ടത്. ആ കുടുംബത്തിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു വരികയായിരുന്നു. രണ്ടു ഘട്ടങ്ങൾ പരിഹരിച്ചു. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം എത്തിയപ്പോൾ എന്തിനാണ് കുടുംബം പരാതിയുമായി വന്നതെന്ന് അറിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങൾ മുഴുവൻ പാർട്ടിക്ക് നിർവഹിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. കുടുംബവുമായി ഉണ്ടാക്കിയ കരാർ ആരംഭത്തിൽ തന്നെ തെറ്റാണ്. അങ്ങനെയൊരു കരാറേ നിലവിലില്ല. ഒരു കോൺഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള വിശാലമനസ്കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
രണ്ടരക്കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇത് വീട്ടാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വ വഞ്ചിച്ചുവെന്നുമുള്ള ആരോപണവുമായി എൻ. എം. വിജയൻ്റെ മരുമകൾ പത്മജ രംഗത്തെത്തിയിരുന്നു. ഇന്ന് അവർ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നാലെയാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. പാർട്ടി എൻ.എം. വിജയൻ്റെ കുടുംബത്തെ സഹായിക്കുന്നുണ്ടെന്നും, മുൻപ് സഹായിച്ചിട്ടുണ്ടെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.
അതിനിടെ എൻ. എം. വിജയൻ്റെ മരണത്തിന് പിന്നാലെ കരാർ ഉണ്ടാക്കിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്ന ഓഡിയോ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. എന്നാൽ ഓഡിയോ പുറത്തുവന്ന കാര്യം അറിയില്ലെന്നും, വിജയൻ്റെ മരുമകൾ പത്മജ നേരിൽ കണ്ട് സംസാരിച്ചിരുന്നുവെന്നും, പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാമെന്ന് അറിയിച്ചുവെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.