പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ  Source: Facebook
KERALA

രാഹുൽ പാർട്ടിയിലില്ല, സംഘടനാ കാര്യങ്ങളിൽ പ്രസിഡൻ്റ് നിലപാട് അറിയിക്കും: വി. ഡി. സതീശൻ

സോഷ്യൽ മീഡിയയിൽ പലരും പലതും എഴുതിവിടും, അതിനൊന്നും മറുപടി പറയാൻ ഞങ്ങൾക്ക് ബാധ്യത ഇല്ലെന്നും വി. ഡി. സതീശൻ.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: രാഹുൽ മാങ്കൂട്ടത്തിലിനെ സമ്പൂർണമായി തള്ളി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. രാഹുൽ പാർട്ടിയിലുമില്ല, പാർലമെൻ്ററി പാർട്ടിയിലുമില്ല. സംഘടനാ കാര്യങ്ങളിൽ കെപിസിസി പ്രസിഡൻ്റ് നിലപാട് അറിയിക്കുമെന്നും സതീശൻ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പലരും പലതും എഴുതിവിടും, അതിനൊന്നും മറുപടി പറയാൻ ഞങ്ങൾക്ക് ബാധ്യത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുലിൻ്റെ കാര്യത്തിൽ രണ്ട് അഭിപ്രായമില്ല. രാഹുലിൻ്റെ കാര്യത്തിൽ എല്ലാവരും ഒന്നിച്ചെടുത്ത തിരുമാനമാണ് നടപ്പിലാക്കിയത്. ആ കാര്യത്തിൽ ഇനി എന്തെങ്കിലും തീരുമാനം ഉണ്ടെങ്കിൽ പാർട്ടി പ്രസിഡൻ്റ് തന്നെ വിശദീകരിക്കും. അല്ലാതെ ഒരു തീരുമാനവും ഞങ്ങൾ എടുത്തിട്ടില്ലെന്നും സതീശൻ അറിയിച്ചു.

സർക്കാരിന് 10 ആം വർഷം ആയപ്പോൾ പാനിക് ആയിരിക്കുകയാണെന്നും, തെരഞ്ഞെടുപ്പിൽ വലിയ തോൽവി മുന്നിൽ കണ്ടാണ് ഇപ്പോൾ ഓരോന്ന് ചെയ്യുന്നെതന്നും സതീശൻ കുറ്റപ്പെടുത്തി. 100 ലേറെ സീറ്റിൽ വിജയിച്ച് യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരും. 10 കൊല്ലം ആലോചിക്കാത്ത കാര്യങ്ങൾ, അയ്യപ്പനോടുള്ള ഭക്തി, ന്യൂനപക്ഷ സംഗമം, ഇതൊക്കെ നടത്താൻ തീരുമാനിക്കുന്നു. ഇതെന്ത് സർക്കാരാണ്, എന്ത് പാർട്ടിയാണ് എന്നും സതീശൻ ചോദ്യമുന്നയിച്ചു.

ലോകത്തുള്ള എല്ലാ അസുഖവും കേരളത്തിൽ ഉണ്ട്, എന്നാൽ അത് നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ച് സർക്കാറിന് ഒന്നും അറിയില്ല. എന്തിനാണ് ഇങ്ങനെയൊരു ആരോഗ്യ വകുപ്പ്? ജനങ്ങൾ ഭയത്തിലാണെന്നും ബോധവത്കരണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. കേന്ദ്രത്തിൻ്റെ സഹായത്തോടെ രോഗകാരണം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിഷയം വഷളാക്കിയത് സതീശനാണ് എന്ന് ആരോപിച്ച് കൊണ്ട് ജീന സജി രംഗത്തെത്തിയിരുന്നു. പാർട്ടിക്കുള്ളിൽ തീർക്കാമായിരുന്ന വിഷയം അലങ്കോലമാക്കിയത്. രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമായി നടപ്പാക്കുന്നതാണെന്നായിരുന്നു ജീന സജി തോമസിൻ്റെ വാദം. ഇതിൽ വി.ഡി. സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും ജീന സജി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

SCROLL FOR NEXT