KERALA

"അഭിപ്രായപ്രകടനം പക്വതയോടെ ആയിരുന്നില്ല"; പുലിക്കളിക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ

കലാകാരന്മാരെ ബോഡി ഷെയ്മിങ് നടത്തിയ ശ്രീരാമന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് അയ്യന്തോള്‍ ദേശം പുലിക്കളി സംഘം രംഗത്തെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: പുലിക്കളിക്ക് എതിരായ പരാമർശം വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ. ശ്രീരാമൻ. തന്റെ അഭിപ്രായപ്രകടനം പക്വതയോടെ ആയിരുന്നില്ല. പരാമർശം കലാകാരൻമാർക്കും ബന്ധപ്പെട്ടവർക്കും മനോവിഷം ഉണ്ടാക്കിയെന്ന് മനസിലാക്കിയെന്ന് എഫ്ബി പോസ്റ്റിൽ ശ്രീരാമൻ പറഞ്ഞു. പുലികളി സംഘങ്ങൾ അടക്കം കടുത്ത എതിർപ്പ് ഉയർത്തിയതോടെയാണ് ശ്രീരാമൻ ഖേദ പ്രകടനം നടത്തിയത്.

പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്ന മുഖവുരയോടെയായിരുന്നു കഴിഞ്ഞദിവസം ശ്രീരാമന്‍ ഫേസ്ബുക്കില്‍ തന്റെ വിമര്‍ശനം പങ്കുവച്ചത്. "ആ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണ്. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ 'ശാർദൂലവിക്രീഡിതം' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം" -എന്നായിരുന്നു പരിഹാസം കലര്‍ത്തിയുള്ള ശ്രീരാമന്റെ വാക്കുകള്‍.

വിമര്‍ശനം ഏറിയെങ്കിലും, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രീരാമന്‍ പറഞ്ഞു. വയറിൽ ചിത്രം വരച്ചു കുലുക്കിയുള്ള ഒരു കല കാണുമ്പോൾ, അത് ശരിയാണെന്ന് തോന്നുന്നില്ല. പലരോടും ചോദിച്ചെങ്കിലും, ഇത്തരമൊരു നൃത്തരൂപം ഉള്ളതായി അറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്രീരാമന്‍ പറഞ്ഞു. ശ്രീരാമൻ്റെ പരാമർശം വിവാദമായതോടെ നടനെ പിന്തുണച്ചും അതുപോലെ തന്നെ വിമർശിച്ചും നിരവധിപ്പേർ പ്രതികരിച്ചു.

പുലിക്കളി കാണാത്തതുകൊണ്ടാണ് ഇത്തരം വിമർശനമെന്നും, പുലിക്കളി കലാകാരന്മാരെ ബോഡി ഷെയ്മിങ് നടത്തിയ ശ്രീരാമന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് അയ്യന്തോള്‍ ദേശം പുലിക്കളി സംഘം രംഗത്തെത്തിയിരുന്നു. വികെ ശ്രീരാമൻ്റെ പുലിക്കളി പരാമർശം സങ്കടം ഉണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചിരുന്നു. അത്തരം പ്രതികരണം ശ്രീരാമൻ നടത്തുമെന്ന് കരുതിയില്ല. ത്യാഗം സഹിക്കുന്ന പ്രത്യേക വിഭാഗമാണ് പുലിക്കളി കലാകാരൻമാർ എന്നും അവർക്ക് കരുതൽ വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

SCROLL FOR NEXT