KERALA

പ്രഖ്യാപനം വെറും വാക്കല്ല; ദേവനന്ദയുടെ സ്വപ്നഭവനത്തിന് തറക്കല്ലിട്ട് വിദ്യാഭ്യാസ മന്ത്രി

പുല്ലൂരാമ്പാറ സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് പേരാമ്പ്ര കല്പത്തൂർ സ്വദേശി ദേവനന്ദ

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാന കായിക മേളയിലെ മിന്നും താരമായ ദേവനന്ദ ബിജുവിൻ്റെ വീടിന് തറക്കല്ലിട്ട് വിദ്യാഭ്യാസമന്ത്രി. റെക്കോർഡ് തിരുത്തി ഇരട്ട സ്വർണം നേടിയ ദേവനന്ദ ബിജുവിൻ്റെ വീടിൻ്റെ തറക്കല്ലിടലാണ് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്നത്. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സാണ് കൽപ്പത്തൂർ മമ്മിളിക്കുളത്ത് വീട് നിർമിച്ച് നൽകുന്നത്. സ്കൂൾ ഒളിമ്പിക്സിൽ ദേവനന്ദ ഓടിക്കയറിയത് മീറ്റ് റെക്കോർഡ് എന്ന ചരിത്രത്തിലേക്ക് മാത്രമായിരുന്നില്ല, അടച്ചുറപ്പുള്ള ഭവനം എന്ന സ്വപ്ന സാക്ഷാൽക്കാരത്തിലേക്ക് കൂടിയായിരുന്നു.

ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോർഡ് സ്വന്തമാക്കിയ ദേവനന്ദയെ നേരിൽ കണ്ട് അഭിനന്ദിക്കുന്ന വേളയിലാണ് അടച്ചുറപ്പുള്ള ഭവനം എന്ന സ്വപ്നം ദേവനന്ദ വിദ്യാഭ്യാസ മന്ത്രിയുമായി പങ്കുവെക്കുന്നത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ഉടൻ തന്നെ അവിടെ നിന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്കൗട്ട് ആൻഡ് ഗെയ്ഡ്‌സിൻ്റെ നേതൃത്വത്തിൽ വീട് നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പുല്ലൂരാമ്പാറ സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ദേവനന്ദ വി. ബിജു. ഒരു മാസം മുൻപ് അപ്പെന്റിസൈറ്റിസ് സ്ഥിരീകരിച്ചിട്ടും, ശസ്ത്രക്രിയ മാറ്റിവെച്ച് കടുത്ത വേദന സഹിച്ച് മത്സരത്തിൽ പങ്കെടുത്തായിരുന്നു ദേവനന്ദ വിജയം കൊയ്തത്.

കുന്നിൻ മുകളിലെ വഴി സൗകര്യം ഇല്ലാത്ത ഇടിഞ്ഞു വീഴാറായ വീട്ടിൽ നിന്നും അടച്ചുറപ്പുള്ള വീടെന്ന കുടുംബത്തിൻ്റെയാകെ സ്വപ്നമാണ് ദേവനന്ദ സാക്ഷാൽക്കരിച്ചത്. നിലവിൽ പത്തനംതിട്ടയിലെ പരുമല ആശുപത്രിയിൽ ചികിത്സയിലാണ് ദേവനന്ദ. വീടിന്റെ തറക്കല്ലിടീൽ ചടങ്ങിനിടെ വിദ്യാഭ്യാസ മന്ത്രി തന്നെ ദേവനന്ദയെ വീഡിയോ കോളിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു.

SCROLL FOR NEXT