വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി Source: Facebook
KERALA

എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി വിഭാഗക്കാരുടെ നിയമനം; നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഭിന്നശേഷി നിയമനങ്ങൾക്കായി സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി വിഭാഗക്കാരുടെ നിയമനനടപടികൾ വേഗത്തിലാക്കി വിദ്യാഭ്യാസ വകുപ്പ്. ഒരു മാസത്തിനുള്ളിൽ നിയമനനടപടികൾ പൂർത്തിയാക്കാൻ വിദ്യഭ്യാസ വകുപ്പ് നിർദേശം നൽകി. ഭിന്നശേഷി നിയമനം പൂർത്തിയാക്കിയ ശേഷം താൽക്കാലിക ജീവനക്കാരുടെ നിയമനങ്ങൾ സ്ഥിരപ്പെടുത്തുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

ഭിന്നശേഷി നിയമനങ്ങൾക്കായി സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. ഈ സമിതികളുടെ പ്രവർത്തനം ഈ മാസം ഓഗസ്റ്റ് 25-ന് ആരംഭിക്കും. ഈ നടപടികൾ പൂർത്തിയാക്കുന്നതോടെ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കഴിയുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് വഴി ഉൾപ്പെടെ ഇതുവരെ 1100-ൽ പരം ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നൽകിയിട്ടുണ്ട്. ഭിന്നശേഷി നിയമനം നടക്കുന്നത് വരെ, 2018 നവംബർ 18-നും 2021 നവംബർ 8-നും ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് പ്രൊവിഷണലായും, അതിനുശേഷം നിയമിക്കപ്പെട്ടവർക്ക് ദിവസവേതനാടിസ്ഥാനത്തിലും ശമ്പളം നൽകുമെന്നും മന്ത്രി അറിയിച്ചു.

ഇവരുടെ നിയമനങ്ങൾ, ഭിന്നശേഷി നിയമനം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥിരപ്പെടുത്തും. പ്രൊവിഷണൽ നിയമനം ലഭിച്ചവർക്ക് പെൻ നമ്പർ, കെഎഎസ്ഇപിഎഫ്. അംഗത്വം എന്നിവ നൽകാനും സ്ഥാനക്കയറ്റത്തിനും അവധി ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) നൽകിയ ഹർജിയിൽ, ഭിന്നശേഷി വിഭാഗത്തിനായി മാറ്റിവെച്ച തസ്തികകൾ ഒഴികെയുള്ള ഒഴിവുകളിൽ സ്ഥിരം നിയമനം നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, ഈ വിധി എൻഎസ്എസ് മാനേജ്‌മെൻ്റിന് കീഴിലുള്ള സ്കൂളുകൾക്ക് മാത്രമാണ് ബാധകമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇത് പാലിക്കാതിരുന്നാൽ കോടതി അലക്ഷ്യമാകുമെന്നും മന്ത്രി അറിയിപ്പിൽ വ്യക്തമാക്കി.

SCROLL FOR NEXT