KERALA

പിഎം ശ്രീയിൽ ഒരു പൈസ പോലും മുൻ സർക്കാർ വാങ്ങിയിട്ടില്ല, മുഖ്യമന്ത്രി പറയുന്നത് വസ്തുതാവിരുദ്ധം: വി. ശിവൻകുട്ടി

പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വി. ശിവൻകുട്ടി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ തുടരാൻ നിർബന്ധിതരായെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന തള്ളി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിൽ അത് വസ്തുതാ വിരുദ്ധമാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി. ശിവൻകുട്ടി പറഞ്ഞു.

പിഎം ശ്രീ യിൽ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല. സത്യവുമായി ബന്ധമില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി പറയുന്നത്. പിഎം ശ്രീ നടപ്പാക്കുന്നതിനു വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണം അത് ഇതുവരെ കൊടുത്തിട്ടില്ല. മുഖ്യമന്ത്രി കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

പിഎം ശ്രീയുടെ ഭാഗമാകില്ലെന്ന് കാട്ടി എൽഡിഎഫ് സർക്കാർ കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാനും കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്. മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവ വിരുദ്ധമാണെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

മുൻ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയതിനാൽ പദ്ധതി തുടരാൻ കേരളം നിർബന്ധിതരാണെന്നാണ് വി.ഡി. സതീശൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പാഠ്യപദ്ധതിയും സ്കൂളുകളും സംസ്ഥാനം തീരുമാനിക്കും. കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള പണം കിട്ടണമെന്നും വി.ഡി. സതീശൻ പറഞ്ഞു. നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി. പിഎം ശ്രീയിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങും. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാൻ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിരിക്കെ പിഎം ശ്രീ പദ്ധതിയിൽ ഉന്നയിച്ച വാദങ്ങളിൽ നിന്നും മലക്കംമറിഞ്ഞാണ് വി.ഡി. സതീശൻ്റെ ഇന്നത്തെ പ്രതികരണം.

SCROLL FOR NEXT