KERALA

"തരംതാണ പ്രയോഗം, ഞങ്ങള്‍ തിരിച്ചടിച്ചാല്‍ മൂത്രമൊഴിച്ചു പോകും"; വി.ഡി.സതീശന് മറുപടിയുമായി വി. ശിവന്‍കുട്ടി

ഗോള്‍വാള്‍ക്കര്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചത് ശിവന്‍കുട്ടി അല്ല. 'വിനായക് ദാമോദര്‍' സതീശന്‍ ആണെന്നും വി. ശിവൻകുട്ടി

Author : കവിത രേണുക

തിരുവനന്തപുരം: അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തനിക്കെതിരെ 'എടാ, പോടാ' പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സതീശന്റേത് തരംതാണ പദപ്രയോഗമാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകന്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത പ്രയോഗങ്ങളാണിത്. അദ്ദേഹത്തിന്റെ അണികളെ ആവേശഭരിതരാക്കാന്‍ വേണ്ടിയാണ് പറഞ്ഞത്. അച്ഛന്റെ പ്രായമുള്ളവരെ പോലും ധിക്കാരത്തോടെ അധിക്ഷേപിക്കുകയാണെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

മുഖ്യമന്ത്രിക്കെതിരെ പോലും വളരെ മോശം വാക്കുകള്‍ നിയമസഭയില്‍ ഉപയോഗിക്കുന്നുണ്ട്. ഞാന്‍ പേടിച്ചു പോയെന്ന ബോര്‍ഡ് സതീശന്റെ വലിയ ഫോട്ടോയ്‌ക്കൊപ്പം പലയിടത്തും വച്ചു. തിരിച്ചൊന്നും ചെയ്യാത്തത് തങ്ങളുടെ മാന്യതകൊണ്ടാണ്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സതീശന്‍ മൂത്രമൊഴിച്ചു പോകും. അത് ചെയ്യിക്കരുതെന്നും ശിവന്‍കുട്ടി പറഞ്ഞു. സതീശന്റെ സംഘിക്കുട്ടി പരാമര്‍ശത്തിലും വി. ശിവന്‍കുട്ടി മറുപടി നല്‍കി. വ്യക്തിഹത്യ ചെയ്യരുത്. കേരളത്തില്‍ ആരെങ്കിലും താന്‍ ആര്‍എസ്എസിന് സഹായം ചെയ്യുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നും ശിവന്‍കുട്ടി ചോദിച്ചു.

'ഞാന്‍ ആര്‍എസ്എസിനെതിരെ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയ കാലത്ത് സതീശന്‍ വള്ളി നിക്കറിട്ട് നടക്കുന്ന പ്രായമാണ്. ഗോള്‍വാള്‍ക്കര്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചത് ശിവന്‍കുട്ടി അല്ല. വിനായക് ദാമോദര്‍ സതീശന്‍ ആണ്. ഒരു സ്ഥാനം കണ്ടുള്ള വെപ്രാളമാണ് സതീശന്. സമനില തെറ്റിയ നിലയില്‍ എന്തൊക്കെയോ വിളിച്ചുപറയുന്നു. കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശന്‍,' ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രി ആയതുകൊണ്ട് ആളുകളെ സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി മറുപടി പറയാന്‍ കഴിയില്ലെന്നും എന്ത് വന്നാലും പറയാനുള്ളത് സഭയിലെ കയ്യാങ്കളിയെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

സഭയിലെ കയ്യാങ്കളി രഹസ്യമായി നടന്ന കാര്യമൊന്നുമല്ലല്ലോ. സതീശനെ ഇപ്പോള്‍ ചൊടിപ്പിച്ചത് സോണിയാ ഗാന്ധിയെ കുറിച്ച് പറഞ്ഞതാണ്. നിയമപരമായി സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യേണ്ടത് ആവശ്യമല്ലേ. ക്രിമിനലായ ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടി? സോണിയ എംപിയായിരുന്ന മണ്ഡലത്തിലെ ബെല്ലാരിയിലാണ് സ്വര്‍ണം വിറ്റത് എന്നത് ഞെട്ടിക്കുന്നതാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

എസ്.പി.ജി വലയം ഭേദിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുടെ വസതിയില്‍ കയറി ഇറങ്ങിയത് ആരുടെ ഒത്താശയോടെയാണെന്നും സോണിയ ഗാന്ധിയുടെ സഹോദരിയുടെ ഇറ്റലിയിലെ പുരാവസ്തു ബിസിനസുമായി ഈ സംഘത്തിന് ബന്ധമുണ്ടോ എന്നും ശിവന്‍കുട്ടി ചോദിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ കവറില്‍ എന്തായിരുന്നു, അത് അടൂര്‍ പ്രകാശിന് നല്‍കിയ പ്രതിഫലമായിരുന്നോ ? കോണ്‍ഗ്രസ് ഭരിച്ച ദേവസ്വം ബോര്‍ഡ് ഭരണസമിതി എന്തിനാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി 'വാജി വാഹനം' തന്ത്രിക്ക് കൈമാറിയതെന്നും മന്ത്രി ചോദിച്ചു. ശശി തരൂര്‍ സിപിഐഎമ്മുമായി കൂടിക്കാഴ്ച നടത്തിയോ? താന്‍ എന്തായാലും ചര്‍ച്ച നടത്തിയിട്ടില്ല. തരൂര്‍ വന്നാല്‍ ഇടതുപക്ഷത്തിന് ഗുണമാകുമോ എന്ന് പറയാന്‍ താന്‍ ജ്യോത്സ്യനല്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

'ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോ' എന്നായിരുന്നു സതീശന്റെ പരാമര്‍ശം. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി. ശിവന്‍കുട്ടിയുടെ നിയമസഭയിലെ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടെയായിരുന്നു വിവാദ പ്രസ്താവന.

'ഇത്രയും വിവരദോഷികളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയില്‍ അസംബന്ധം പറയുന്നവര്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യരല്ല. നിയമസഭയില്‍ അണ്ടര്‍വെയര്‍ പുറത്തുകാണിച്ച് ഡെസ്‌കിനു മുകളില്‍ കയറി നിന്ന് അസംബന്ധം മുഴുവന്‍ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാന്‍ വരുന്നത്. വിദ്യാഭ്യാസ മന്ത്രി പിള്ളേരെ ഓര്‍ത്ത് സങ്കടപ്പെടുന്നു . ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോ. നാവില്‍ വരുന്നത് എല്ലാം പറയാന്‍ ആകുന്നില്ല സഹിക്കാന്‍ പറ്റാഞ്ഞിട്ട് പറഞ്ഞതാണ് ' സതീശന്‍ പറഞ്ഞു.

SCROLL FOR NEXT