Source: FB
KERALA

വാർത്തകൾ അടിസ്ഥാനരഹിതം, വി. ജോയിയെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായി: വി. ശിവൻകുട്ടി

യാതൊരു അതൃപ്തിയും ഇല്ലെന്നും, യോഗത്തിന് എത്താതിരുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും വി. ശിവൻകുട്ടി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വി. ജോയിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വി. ശിവൻകുട്ടി. ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിൽ നടപടിക്രമങ്ങൾ ഉണ്ട്. ആ നടപടിക്രമങ്ങൾ പാലിച്ച് ഒറ്റക്കെട്ടായാണ് വി. ജോയിയെ തിരഞ്ഞെടുത്തത്. യാതൊരു അതൃപ്തിയും ഇല്ലെന്നും, യോഗത്തിന് എത്താതിരുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. അതേസമയം, എജിസ്‌ ഓഫീസിന് മുന്നിൽ നടക്കുന്ന എസ്എഫ്ഐ രാപകൽ സമര വേദിയിൽ വി. ശിവൻകുട്ടിയും വി. ജോയിയും എത്തി. വിവാദങ്ങൾക്ക് പിന്നാലെയാണ് ഇരുവരും ഒരേ വേദിയിൽ എത്തിയത്

സെക്രട്ടറിയെ തീരുമാനിക്കാൻ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്നാണ് വി. ശിവൻകുട്ടി വിട്ടുനിന്നത്. വി. ജോയിയെ തന്നെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലുള്ള അതൃപ്തിയാണ് ശിവൻകുട്ടിയുടെ വിട്ടുനിൽക്കലിന് പിന്നിലെന്ന് വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണ് വിശദീകരണവുമായി വി. ശിവൻകുട്ടി തന്നെ രം​ഗത്തെത്തിയത്.

വി. ജോയിയെ സിപിഐഎം ജില്ലാ സെക്രട്ടറിയാക്കുന്നതിനെ മൂന്ന് പേർ എതിർത്തിരുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്ര കുമാർ, ജയദേവൻ, മടവൂർ അനിൽ എന്നിവരാണ് എതിർത്തത്. വി. ശിവൻകുട്ടിയെ പോലെ പരിചയസമ്പന്നനായ ഒരാളെ ജില്ലാ സെക്രെട്ടറിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി അംഗങ്ങളുമായി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് വി. ജോയി തന്നെ ജില്ലാ സെക്രട്ടറിയായി വരട്ടെയെന്ന നിർദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചത്. പിന്നാലെ ഇന്ന് ജോയിയെ ജില്ലാ സെക്രട്ടറിയായി ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുക്കയായിരുന്നു.

SCROLL FOR NEXT