തിരുവനന്തപുരം: എസ്ഐആർ ജോലികൾക്കായി വിദ്യാർഥികളെ വിടില്ലെന്ന നിലപാടിൽ ഉറച്ച് സംസ്ഥാന സർക്കാർ. കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയിൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കരുത്. 10 ദിവസത്തിലധികം വിദ്യാർഥികളെ ക്ലാസുകളിൽ നിന്നും മാറ്റിനിർത്തിയാൽ പഠനത്തെയും പരീക്ഷകളെയും ബാധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിരവധി അധ്യാപകരും രക്ഷിതാക്കളും ആശങ്ക അറിയിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
"അക്കാദമിക് സമയങ്ങളിൽ സ്കൂൾ വിട്ട് പോകാനോ മറ്റു പരിപാടികളിൽ പങ്കെടുക്കാനോ പാടില്ലെന്ന് ഉത്തരവുണ്ട്. ഓഫീസ് ജോലികൾക്കും ഫീൽഡ് പ്രവർത്തനങ്ങൾക്കും വിദ്യാർഥികളെ ഉപയോഗിക്കുന്നത് ശരിയായ രീതിയല്ല. വിദ്യാർഥികളുടെ പഠനാവകാശത്തിൻ്റെ ലംഘനമാണ് ഇത്. റവന്യൂ ഉദ്യോഗസ്ഥരുടെ നീക്കം ഒരു കാരണവശാലും അംഗീകരിക്കാൻ ആകില്ല. വിദ്യാർഥികളുടെ പഠനം തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്", വിദ്യാഭ്യാസ മന്ത്രി.
എസ്എസ്കെ ഫണ്ട് കേന്ദ്രം ഉടൻ അനുവദിക്കണമെന്ന് കാട്ടി സംസ്ഥാനം കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1158 കോടി ആകെ ലഭിക്കാനുണ്ട്. ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രമന്ത്രിമാരും ഫണ്ട് ലഭ്യമാകാൻ ഇടപെടുന്നില്ല. ഇവരുടെ സമ്മർദം മൂലമാണ് സംസ്ഥാനത്തിന് ഫണ്ട് ലഭിക്കാത്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷയത്തിൽ മറുപടി പറയണമെന്നും അല്ലാത്തപക്ഷം ഫണ്ട് ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.