KERALA

നിപയില്‍ ആശ്വാസം, 42 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്; വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങി

രോഗി ഗുരുതരാവസ്ഥ മറികടന്നിട്ടില്ലെങ്കിലും ആരോഗ്യസ്ഥിതി അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാല്‍പ്പത്തിരണ്ടുകാരിയുടെ രണ്ട് സാമ്പിളുകള്‍ നെഗറ്റീവ്. രോഗി നിപ അണുബാധ വിമുക്തയായി. നിലവില്‍ വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കാനാവുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം രോഗി ഗുരുതരാവസ്ഥ മറികടന്നിട്ടില്ലെങ്കിലും ആരോഗ്യസ്ഥിതി അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലാണ് രോഗി ചികിത്സയിലുള്ളത്.

രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 94 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെ ഒക്കെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. മെയ് എട്ടിനാണ് മലപ്പുറം വളാഞ്ചേരി സ്വദേശിക്ക് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

SCROLL FOR NEXT