KERALA

വന്ദേമാതര വിവാദം: "ദേശസ്നേഹം ആരും പഠിപ്പിക്കേണ്ട"; സംസ്ഥാന സർക്കാരിൻ്റെ പരിപാടിയിൽ കേന്ദ്ര പ്രോട്ടോക്കോൾ അനുവദിക്കില്ലെന്ന് മന്ത്രി കെ. മുരളീധരൻ

ഉദ്‌ഘാടന ചടങ്ങിൽ വന്ദേമാതരം ആലപിക്കുന്നതിനിടെ മന്ത്രി ഇരുന്നത് വിവാദമായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: വന്ദേമാതരം ആലാപന വിവാദത്തിൽ തിരിച്ചടിച്ച് മന്ത്രി കെ. മുരളീധരൻ. ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്ന് മന്ത്രി. സംസ്ഥാന സർക്കാർ പരിപാടിയിൽ കേന്ദ്ര പ്രോട്ടോക്കോൾ അനുവദിക്കില്ലെന്നും അജണ്ടയിൽ ഉണ്ടായിരുന്നത് ഈശ്വര പ്രാർഥന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്‌ഘാടന ചടങ്ങിൽ വന്ദേമാതരം ആലപിക്കുന്നതിനിടെ മന്ത്രി ഇരുന്നത് വിവാദമായിരുന്നു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ബിജെപി ആരോപിച്ചിരുന്നു.

ഇന്നലെ കാസർഗോഡ് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. പാടി പൂർത്തിയാക്കുന്നതിന് മുമ്പ് മന്ത്രി വേദിയിൽ ഇരുന്നു. ജില്ലാ കളക്ടറും രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കല്ലട്ര മാഹിൻ എംഎൽഎയും മന്ത്രിക്കൊപ്പം ഇരുന്നു. കെ നീലകണ്ഠൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് പി.കെ. ഫൈസൽ എന്നിവർ പാടി പൂർത്തിയാക്കുന്നത് വരെ വേദിയിൽ നിന്നു.

വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ഖണ്ഡികകൾ ചൊല്ലിയതിന് പിന്നാലെയാണ് മന്ത്രിയും മറ്റുള്ളവരും വേദിയിൽ ഇരിക്കാൻ ശ്രമിച്ചത്. വന്ദേമാതരം തുടർന്നതോടെ മന്ത്രിയും മറ്റുള്ളവരും ഇരുന്നു. ഇതിനിടെ മന്ത്രി അടുത്ത് ഉണ്ടായിരുന്നവരോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും ആദ്യ രണ്ട് ഖണ്ഡികകൾ ചൊല്ലിയാൽ മതിയെന്ന് കോൺഗ്രസ് നിലപാടെടുത്തിരുന്നു. സംസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്നും സർക്കാർ പരിപാടികളിൽ രണ്ട് ഖണ്ഡികകൾ മാത്രമേ ചൊല്ലൂവെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു

SCROLL FOR NEXT