Source: News Malayalam 24x7
KERALA

ട്രാൻസ്ജെൻഡർ അവകാശ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ; തൃശൂരിൽ ബിൽ കത്തിച്ച് പ്രതിഷേധിച്ചു

വിവിധ ലെെംഗികന്യൂനപക്ഷ അവകാശ സംഘടനകളുടെ നേതൃത്വത്തില്‍ ബില്ലിനെതിരെ തൃശൂരില്‍ കമ്യൂണിറ്റി റാലി അരങ്ങേറി...

Author : ന്യൂസ് ഡെസ്ക്

തൃശൂ‍ർ: കേന്ദ്രസർക്കാരിന്‍റെ ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ഭേഗഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തൃശൂരില്‍ നടന്ന അവകാശ റാലിയില്‍, പ്രതിഷേധക്കാർ ബില്‍ കത്തിച്ച് എറിഞ്ഞു. നൂറുകണക്കിന് പേരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കാളികളായത്.

ട്രാൻസ്‌ജെൻഡർ നിർവചനത്തിൽ വ്യക്തത വരുത്തുന്നതും, ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ശിക്ഷാവ്യവസ്ഥകള്‍ കർശനമാക്കുന്നതുമായ ഭേദഗതി എന്ന നിലയ്ക്കാണ് മാർച്ച് 13ന് കേന്ദ്ര സാമൂഹ്യ നീതീ- ശാക്തീകരണ വകുപ്പ് മന്ത്രി വീരേന്ദ്രകുമാർ ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് ട്രാന്‍സ്‌ജെൻഡർ സമൂഹത്തില്‍ നിന്ന് ഉയരുന്നത്. വിവിധ ലെെംഗികന്യൂനപക്ഷ അവകാശ സംഘടനകളുടെ നേതൃത്വത്തില്‍ ബില്ലിനെതിരെ തൃശൂരില്‍ കമ്യൂണിറ്റി റാലി അരങ്ങേറി.

സ്വയം തിരിച്ചറിയുന്ന ലിംഗസ്വത്വങ്ങളെ ട്രാൻസ്ജെന്‍ഡർ നിർവചനത്തിൽ നിന്ന് ഒഴിവാക്കുന്നത് അടക്കം കർശന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ഭേദഗതി പ്രാബല്യത്തിലായാല്‍ ട്രാൻസ്ജെന്‍ഡർ വ്യക്തിയായി അംഗീകാരം നേടുന്നതിന് ജില്ലാ മജിസ്ട്രേറ്റിന്‍റെ സർട്ടിഫിക്കറ്റും, മെഡിക്കൽ ബോർഡ് പരിശോധനയും അനിവാര്യമാകും. ഇത്തരം വ്യവസ്ഥകള്‍ ട്രാൻസ് വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണെന്ന് സംഘടനകള്‍ ആരോപിച്ചു.

തൃശൂർ എ.ജി ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച റാലി, സ്വരാജ് റൌണ്ട് ചുറ്റി, ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സമാപിച്ചു. പ്രതിഷേധ സൂചകമായി ഭേദഗതി വരുത്തിയ ബില്ലിന് പ്രതിഷേധക്കാർ തീകൊളുത്തി. ട്രാൻസ് വിരുദ്ധനയങ്ങളില്‍ നിന്ന് കേന്ദ്രസർക്കാർ പിന്നോട്ട് പോകണമെന്നും, സ്വത്വം സ്വയം നിർണയിക്കാനുള്ള അവസരം നല്‍കണം എന്നുമാണ് സംഘടനകള്‍ മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേരാണ് റാലിയുടെ ഭാഗമായത്.

SCROLL FOR NEXT