വാഴൂർ സോമൻ 
KERALA

ഹൈറേഞ്ചിൻ്റെ നേതാവിന് വിട; വാഴൂർ സോമൻ്റെ മൃതദേഹം സംസ്‌കരിച്ചു

പഴയ പാമ്പനാറിൽ എസ്.കെ. ആനന്ദൻ സ്മാരക സ്മൃതിമണ്ഡപത്തിലാണ് മൃതദേഹം സംസ്കരിച്ചത്.

Author : ന്യൂസ് ഡെസ്ക്

അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ മൃതദേഹം സംസ്കരിച്ചു. പഴയ പാമ്പനാറിൽ എസ്.കെ. ആനന്ദൻ സ്മാരക സ്മൃതിമണ്ഡപത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. തിരുവനന്തപുരത്തു നിന്ന് പുലർച്ചെ ഇടുക്കി വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.

പീരുമേട് മണ്ഡലത്തിൽ നിലനിൽക്കുന്ന പട്ടയ പ്രശങ്ങളും ഭൂവിഷയങ്ങൾ സംബന്ധിച്ച തർക്കങ്ങളും തിരുവനന്തപുരത്തെ യോഗത്തിൽ ഉന്നയിക്കുമെന്ന ഉറപ്പ് നൽകിയാണ് വാഴൂർ സോമൻ എംഎൽഎ കഴിഞ്ഞ ദിവസം പുറപ്പെട്ടത്. റെവന്യൂ അസംബ്ലി യോഗത്തിൽ അക്കമിട്ട് വിഷയങ്ങൾ വാഴൂർ സോമൻ നിരത്തുകയും ചെയ്തു. യോഗശേഷം കുഴഞ്ഞുവീണ വാഴൂർ സോമന്റെ വിയോഗം തികച്ചും ആകസ്മികമായിരുന്നു. ഞെട്ടലോടെയാണ് പീരുമേട് വിയോഗ വാർത്ത അറിഞ്ഞത്.

ഇന്ന് പുലർച്ച രണ്ടുമണിയോടെയാണ് മൃതദേഹം വണ്ടിപ്പെരിയാറിലെ വീട്ടിൽ എത്തിച്ചത്. തുടർന്ന് 11 മണിവരെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനായി വീട്ടിലേക്ക് എത്തിയത്. മന്ത്രി കെ. രാജൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ശിവരാമൻ മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ മറ്റു പാർട്ടിയെ നേതാക്കൾ തുടങ്ങി മുതിർന്ന നേതാക്കൾ അടക്കം അന്തിമോപചാരം അർപ്പിക്കാനെത്തി. തികഞ്ഞ കമ്മ്യൂണിസ്റ്റ്കാരനായാണ് വാഴൂർ സോമൻ എംഎൽഎ വിടവാങ്ങുന്നതെന്നും മന്ത്രി കെ രാജൻ അനുസ്മരിച്ചു.

ആദ്യം വീട്ടുവളപ്പിൽ സംസ്കാരം നിശ്ചയിച്ചിരുന്നെഹ്കിലും പിന്നീട് വാഴൂർ സോമന്റെ ആഗ്രഹപ്രകാരം തീരുമാനം മാറ്റുകയായിരുന്നു. വീട്ടിൽ നിന്ന് വിലാപയാത്രയായി 11.30 യോടെയാണ് വണ്ടിപ്പെരിയാർ ടൗൺ ഹാളിലേക്ക് മൃതദേഹം എത്തിച്ചത്. ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുറ്റ നേതാവിനെ ഒരു നോക്കൂ കാണാൻ തോട്ടം മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ വണ്ടിപ്പെരിയ ടൗൺ ഹാളിലേക്ക് ഒഴുകി എത്തി.

SCROLL FOR NEXT