കേരള സർവകലാശാലയിലെ എൽഎൽബി മൂല്യനിർണയത്തിൽ വീഴ്ച Source: Screengrab
KERALA

കേരള സർവകലാശാലയിലെ എൽഎൽബി മൂല്യനിർണയത്തിൽ വീഴ്ച; ഉത്തരക്കടലാസുകൾ വീണ്ടും പരിശോധിക്കാൻ ഒരുങ്ങി വിസി

രണ്ട് തവണ മൂല്യനിർണയം നടത്തിയ ഉത്തരകടലാസുകളാണ് വീണ്ടും പരിശോധിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എൽഎൽബി പരീക്ഷ മൂല്യനിർണയത്തിലെ പിഴവിൽ നിർണായക നീക്കവുമായി വി.സി ഡോ. മോഹനൻ കുന്നുമ്മൽ. പുനർ മൂല്യനിർണയത്തിന് അപേക്ഷിച്ച മുഴുവൻ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും.

രണ്ട് തവണ മൂല്യനിർണയം നടത്തിയ ഉത്തരകടലാസുകളാണ് വിദ​​ഗ്ധ സമിതി വീണ്ടും മൂല്യനിർണയത്തിന് വിധേയമാക്കുന്നത്. ഏത് മൂല്യനിർണയത്തിലാണ് വീഴ്ചയെന്ന് സമിതി പരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ ആവും നിയോഗിക്കുക. ഇവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാനാണ് വി.സിയുടെ നീക്കം.

എൽഎൽബി പരീക്ഷ എഴുതിയ വിദ്യാർഥികളിൽ പുനർ മൂല്യനിർണയത്തിന് അപേക്ഷിച്ച 292 വിദ്യാർഥികളിൽ 231 പേരും വിജയിച്ച പശ്ചാത്തലത്തിലാണ് വിസിയുടെ നടപടി.

ഇതിൽ അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ പുനർ മൂല്യനിർണയത്തിനായി അപേക്ഷിച്ച 44 വിദ്യാർഥികൾക്കും മാർക്കിൽ വ്യത്യാസമുണ്ട്. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച നൂറുശതമാനം വിദ്യാർഥികളുടെയും മാർക്കിൽ മാറ്റമുണ്ടായത് ആദ്യ മൂല്യനിർണയത്തിലെ ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തുന്നത്.

പുനർമൂല്യനിർണയത്തിൽ 10 മുതൽ 50 ശതമാനംവരെ മാർക്കിൻ്റെ വ്യത്യാസമാണ് വന്നിട്ടുള്ളത്. സർവകലാശാലാ ചട്ടപ്രകാരം 20 ശതമാനത്തിലധികം മാർക്ക് വ്യത്യാസം വന്നാൽ ആദ്യ മൂല്യനിർണയം നടത്തിയ അധ്യാപകർക്കെതിരെ നടപടിയെടുക്കണം.

SCROLL FOR NEXT