കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ 'ഭാരതാംബ'യ്ക്ക് മുന്നിൽ ദീപം തെളിയിക്കുന്നു  Source: News Malayalam 24x7
KERALA

"ഗവർണറോട് അനാദരവ് കാട്ടി"; കേരള സർവകലാശാലയിലെ 'ഭാരതാംബ' വിവാദത്തിൽ രജിസ്ട്രാർക്കെതിരെ വിസിയുടെ റിപ്പോർട്ട്

രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയെന്നും ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്നും ചൂണ്ടിക്കാട്ടി വിസി ഗവർണർക്ക് വിശദീകരണം നൽകി

Author : ന്യൂസ് ഡെസ്ക്

സെനറ്റ് ഹാളിലെ സംഘർഷത്തിൽ കേരള സർവകലാശാല രജിസ്ട്രാർക്കെതിരെ വിസി മോഹനൻ കുന്നുമ്മലിൻ്റെ റിപ്പോർട്ട്. സംഭവത്തിൽ വിശദ അന്വേഷണത്തിന് വൈസ് ചാൻസലർ ഗവർണറോട് ശുപാർശ ചെയ്തു. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയെന്നും ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്നും ചൂണ്ടിക്കാട്ടി വിസി ഗവർണർക്ക് വിശദീകരണം നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ചാൻസലർ കൂടിയായ ഗവർണർ രജിസ്ട്രാർക്കെതിരെ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന് മേലുള്ള കുറ്റം. താൻ പങ്കെടുക്കുന്ന ചടങ്ങിൽ രജിസ്ട്രാർ തടസം സൃഷ്ടിച്ചതിന് വൈസ് ചാൻസലറോട് ഗവർണർ വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് രജിസ്ട്രാർക്കെതിരെയുള്ള മോഹനൻ കുന്നുമ്മലിൻ്റെ നീക്കം. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ് രജിസ്ട്രാർ അന്ന് പെരുമാറിയത്. കൃത്യമായ ഉത്തരവാദിത്തബോധം കാണിച്ചില്ല. ആരോപിക്കപ്പെട്ട മതചിഹ്നം എന്താണെന്നോ,അതേത് മതത്തെ പ്രതിനിധീകരിക്കുന്നുവെന്നോ വ്യക്തമാക്കാൻ വിശദീകരണത്തിൽ രജിസ്ട്രാർക്ക് കഴിഞ്ഞില്ല. ഹാളിനുള്ള അനുമതി റദ്ദാക്കിയ രജിസ്ട്രാറുടെ ധിക്കാരപരമായ നടപടിയിൽ അതിശയം പ്രകടിപ്പിക്കുന്നതായും രാജ്ഭവന് നൽകിയ വിശദീകരണത്തിൽ വിസി അറിയിച്ചു. കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രം നിയമപ്രകാരം മതചിഹ്നമല്ലെന്ന് റിപ്പോർട്ടിൽ മോഹനൻ കുന്നുമ്മൽ അവകാശപ്പെടുന്നുണ്ട്.

ആഭ്യന്തര അന്വേഷണത്തിനൊപ്പം ബാഹ്യമായ അന്വേഷണവും രജിസ്ട്രാർക്കെതിരെ വേണമെന്നും വിസി ആവശ്യപ്പെട്ടു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രാജ്ഭവൻ്റെ അടുത്ത നീക്കം എന്തെന്നതാണ് ആകാംക്ഷ. രജിസ്ട്രാറെ സ്ഥാനത്ത് നിന്ന് നീക്കാൻ ശുപാർശ ചെയ്യാമെങ്കിലും അംഗീകരിക്കേണ്ടത് ഇടത് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റാണ്. രജിസ്ട്രാർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാം എന്നതാണ് അടുത്ത സാധ്യത. അതുമല്ലെങ്കിൽ ഗവർണറുടെ പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കാനും രാജ്ഭവന് കഴിയും. രജിസ്ട്രാറെ ചൊല്ലി വീണ്ടും ഗവർണറും സർക്കാരും ഏറ്റുമുട്ടാനുള്ള സാധ്യതയും ഇതോടെ ഉരുത്തിരിഞ്ഞു.

SCROLL FOR NEXT