തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞെട്ടിക്കുന്ന തെളിവുകളാണ് കോടതി കണ്ടെത്തിയത്. സ്വർണക്കവർച്ച തന്നെയാണ് നടന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. വിഷയത്തിൽ ഇപ്പോഴത്തെ ദേവസ്വം ബോർഡിന് ബന്ധമില്ല എന്ന് സർക്കാരിന്റെ വാദം കോടതി തന്നെ തള്ളി. സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം കോടതി പൂർണമായും അംഗീകരിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
"നിലവിലെ ഭരണസമിതി തട്ടിപ്പ് അറിഞ്ഞിരുന്നു. ദേവസ്വം പ്രസിഡൻ്റ് ഇടപെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് വീണ്ടും അവസരം നൽകിയതെന്ന് ഓഗസ്റ്റ് 21ാം തീയതിയിലെ തിരുവാഭരണ കമ്മീഷറുടെ കത്തിലുണ്ട്. അതൊന്നും കണ്ടില്ലെന്ന് പറയാൻ ഇപ്പോഴത്തെ ബോർഡിന് പറ്റില്ല. ഒരുനടപടിയും പൂർത്തികരിച്ചില്ലെന്നാണ് കോടതി പറഞ്ഞത്. വിഷയത്തിൽ പ്രതിയാകേണ്ട ആളാണ് ദേവസ്വം പ്രസിഡൻ്റ്. കള്ളനാണ് ദേവസം ബോർഡ് പ്രസിഡന്റ്. കട്ടവർ ആരെങ്കിലും താൻ കട്ടുവെന്ന് പറയില്ലല്ലോ. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം", വി.ഡി. സതീശൻ.
ദേവസ്വം മാനുവൽ ലംഘിക്കപ്പെട്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ദ്വാരപാലക ശിൽപ്പം ഉൾപ്പടെ പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല എന്ന ഹൈക്കോടതി വിധി ഉൾപ്പെടെ ലംഘിക്കപ്പെട്ടു. ഇപ്പോഴത്തെ ദേവസ്വം ബോർഡിന് ബന്ധമില്ല എന്ന് സർക്കാരിന്റെ വാദം കോടതി തന്നെ തള്ളി. പ്രതിപക്ഷം കേരളത്തിൽ പറഞ്ഞത് മുഴുവൻ കാര്യങ്ങളും 100% ശരിയാണെന്ന് കോടതി തന്നെ പറഞ്ഞു. ഉദ്യോഗസ്ഥരാണ് കാരണക്കാർ എങ്കിൽ പിന്നെയെന്തിനാണ് നോക്കുകുത്തിയായി ദേവസ്വം പ്രസിഡൻ്റ് എന്നും വി.ഡി സതീശൻ ചോദിച്ചു.