Source: News Malayalam 24x7
KERALA

സുജിത്തിനെ മർദിച്ച പൊലീസുകാർ ആരും യൂണിഫോം അണിഞ്ഞ് ജോലി ചെയ്യില്ല; വെല്ലുവിളിയുമായി പ്രതിപക്ഷ നേതാവ്

കുന്നംകുളം സ്റ്റേഷനിലെ കാക്കി ഭീകരതയിൽ സർക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കുന്നംകുളം സ്റ്റേഷനിലെ കാക്കി ഭീകരതയിൽ സർക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുജിത്തിനെ മർദിച്ച പൊലീസുകാർ ആരും യൂണിഫോം അണിഞ്ഞ് ജോലി ചെയ്യില്ല. അടിയന്തര നടപടി ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും. ആരും കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രതികരണം ആകും ഇനി കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്നും സർക്കാരിന് മുന്നറിയിപ്പ്.

അവർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. കോൺഗ്രസിന് സാധാരണ ഒരു ചട്ടക്കൂട് ഉണ്ട്. ആ ചട്ടക്കൂടിന് പുറത്തുള്ള നടപടി ആയിരിക്കും സർക്കാരിന് നേരിടേണ്ടി വരിക. കോൺഗ്രസ് ഇന്നുവരെ പിന്തുടർന്ന് വന്ന രീതിയിൽ അല്ലാത്ത പ്രതികരണം ഉണ്ടാകും. അടിയന്തരമായി പോലീസുകാർക്കെതിരെ നടപടി ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കസ്റ്റഡി മർദനത്തിനിരയായ വി.എസ്. സുജിത്തിനെ പ്രതിപക്ഷ നേതാവ് വീട്ടിലെത്തി കണ്ടു.

കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. കുന്നംകുളം സ്റ്റേഷനിൽ വെച്ച് 2023 ഏപ്രിലിലാണ് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ എസ്ഐ നുഹ്മാൻ്റെ നേതൃത്വത്തിൽ മർദിച്ചത്. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കാക്കി ക്രൂരതയ്ക്ക് കാരണം. രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പൊലീസ് ക്രൂരതയുടെ സിസിടിവികൾ പുറത്ത് എത്തിക്കാൻ സുജിത്തിന് കഴിഞ്ഞത്. പൊലീസുകാർ പലവട്ടം മുങ്ങിയിട്ടും വിവരാവകാശ കമ്മീഷൻ കർശന നിലപാട് എടുത്തതോടെയാണ് ദൃശ്യം പുറത്ത് വന്നത്.

SCROLL FOR NEXT