പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാർത്താ സമ്മേളനം Source: Facebook / V.D. Satheesan
KERALA

"തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗം, ലിസ്റ്റില്‍ മരിച്ചവരും"; ക്രമക്കേട് ആരോപിച്ച് വി.ഡി. സതീശന്‍

സിപിഐഎം പ്രദേശിക നേതാക്കളുടെ സഹായത്തോടെയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിവര ശേഖരണത്തിന് എത്തിയവർ സിപിഐഎം പ്രദേശിക നേതാക്കളുടെ സഹായത്തോടെയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലുള്ളത് മനഃപൂർവം വരുത്തിയ ക്രമക്കേടാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മരിച്ചവർ പോലും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വാർഡുകൾ മാറികിടക്കുകയാണ്. ഒരു കാലത്തും ഇല്ലാത്ത നിബന്ധനകളാണുള്ളത്. പതിനഞ്ച് ദിവസം കൊണ്ട് എങ്ങനെയാണ് വോട്ടർ പട്ടിക പേര് ചേർക്കുന്നതെന്നും നടപടികൾ പൂർത്തിയാക്കാൻ സമയം എടുക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കുറ്റമറ്റ രീതിയിൽ ചെയ്യാൻ ഈ സമയം മതിയാകില്ല. ഏറ്റവും കുറഞ്ഞത് 30 ദിവസമെങ്കിലും നൽകണം. അബദ്ധ പഞ്ചാംഗമാണ് പ്രസിദ്ധീകരിച്ചതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഐഎമ്മിന്റെ ഇച്ഛാശക്തിയനുസരിച്ചാണ് പ്രവർത്തിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റേത്. ഡീലിമിറ്റേഷൻ കമ്മീഷൻ പരാതികൾ കാര്യമായെടുത്തില്ല. ബിഹാറിനു സമാനമായി ഇവിടെയും സമരം വേണ്ടിവരും. വാർഡിന്റെ സ്കെച്ച് കിട്ടാതെ എങ്ങനെ വോട്ടർ പട്ടികയിൽ പേര് ചേർക്കും. മാറ്റാൻ തയ്യാറായില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും സതീശന്‍ അറിയിച്ചു.

അതേസമയം, സർവകലാശാല സമരങ്ങള്‍ ആവർത്തിച്ചു കൊണ്ടിരിക്കുന്ന തമാശയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. മത സംഘടനകൾക്ക് എന്തിന് സെനറ്റ് ഹാൾ വാടകയ്ക്ക് കൊടുത്തു. ആർഎസ്എസ് നേതാവിനെ രാജ്ഭവനിൽ കൊണ്ടുവന്നിട്ട് മുഖ്യമന്ത്രി മിണ്ടിയില്ല. പാർട്ടി പരിപാടിയ്ക്ക് വി. സി മാർ പോകാൻ പാടില്ല. ആർഎസ്എസ് വിളിച്ചാലും ഡിവൈഎഫ്ഐ വിളിച്ചാലും പോകാൻ പാടില്ല. മോഹനൻ കുന്നുമ്മലിനെ ആരോഗ്യ സർവകലാശാല വിസി ആക്കിയത് പിണറായി സർക്കാരാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.

2026 തെരഞ്ഞെടുപ്പില്‍ സിഎംപിക്ക് കൂടുതൽ സീറ്റ് നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് അറിയിച്ചു. സിഎംപിയോട് യുഡിഎഫ് പൂർണമായി നീതി പുലർത്തിയിട്ടില്ല. 2026ൽ അത് തിരുത്തും, പലിശ സഹിതം കടം വീടും. ഒന്നിലധികം എംഎൽഎമാർ സിഎംപിയിൽ നിന്നുണ്ടാകും. 100ല്‍ അധികം സീറ്റ് നേടി അധികാരത്തിൽ തിരിച്ച് വരുമെന്ന ആത്മവിശ്വാസവും പ്രതിപക്ഷ നേതാവ് പ്രകടിപ്പിച്ചു.

SCROLL FOR NEXT