Source: FB
KERALA

"പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു"; എസ്എസ്എൽസി വിജയികളെ അഭിനന്ദിച്ച് വി.ഡി. സതീശനും കെ.സി. വേണുഗോപാലും

ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിക്കാത്ത കുട്ടികള്‍ വിഷമിക്കരുതെന്ന് വി.ഡി. സതീശൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് അഭിനന്ദനമറിയിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിക്കാത്ത കുട്ടികള്‍ വിഷമിക്കരുത്. ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ലിതെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. ഇക്കുറി ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിക്കാത്ത കുട്ടികള്‍ വിഷമിക്കരുത്. ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ലിത്. ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമാണെന്നും കരുതരുത്. പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വിജയിച്ച കുട്ടികൾക്ക് അഭിനന്ദനമറിയിച്ചു. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്നും വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുകയെന്നും കെ.സി. ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ അഭിനന്ദനങ്ങൾ.

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും. വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക.

നമ്മുടെ നാടിനും വീടിനും അഭിമാനമായി നിങ്ങൾ എക്കാലവും നിലകൊള്ളണം. ഏറെ സ്നേഹത്തോടെ ഇക്കുറി എസ്എസ്എൽസി പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും ചേർത്തുപിടിക്കുന്നു.

SCROLL FOR NEXT