KERALA

"പ്രധാനമന്ത്രി കേരളത്തിൽ വന്ന് വർഗീയത വിളമ്പുന്നു, മതേതര കാഴ്ചപ്പാടിന് മോദിയുടെ സർട്ടിഫിക്കറ്റ് വേണ്ട"; പ്രതികരിച്ച് കോൺ​ഗ്രസ് നേതാക്കൾ

ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട വർഗീയത മാത്രമാണെന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ ഇത് വ്യക്തമായെന്നും വി.ഡി. സതീശൻ

Author : ലിൻ്റു ഗീത

ഡൽഹി: കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രധാനമന്ത്രി കേരളത്തിൽ വന്ന് വർഗീയത വിളമ്പുകയാണ്. യുപിയിലും ബിഹാറിലും പ്രസംഗിക്കുന്ന പോലെയാണ് കേരളത്തിലും പ്രസംഗിക്കുന്നത്. ഇതിന് കൃത്യമായ മറുപടി കേരള ജനത നൽകുമെന്നും അങ്ങാടിപ്പുറം ക്ഷേത്രത്തിൽ തീ പിടിച്ചപ്പോൾ വെള്ളം കോരി തീ അണച്ചവരാണ് ലീഗുകാരെന്നും കെ.സി. വേണു​ഗോപാൽ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കോൺ​ഗ്രസ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ വച്ചാണ് യോഗം.

മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. കോൺഗ്രസിനും യുഡിഎഫിനും സർട്ടിഫിക്കറ്റ് ആവശ്യമില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട വർഗീയത മാത്രമാണെന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ ഇത് വ്യക്തമായെന്നും വികസന നേട്ടങ്ങൾ ഒന്നും ബിജെപിക്ക് പറയാനില്ലെന്നും സതീശൻ പറ‍ഞ്ഞു. മതേതരത്വം സംരക്ഷിക്കുക എന്നതാണ് യുഡിഎഫിൻ്റെ പ്രഥമ പരിഗണന. അത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം ലീഗിനേക്കാൾ വലിയ വർഗീയ വാദിയായി കോൺഗ്രസ് മാറിയെന്നും മുസ്ലീം ലീഗിൻ്റെയും കോൺഗ്രസിൻ്റെയും അജണ്ടയിൽ നിന്ന് ഈ മണ്ണിനെ രക്ഷിക്കണമെന്നുമാണ് തിരുവനന്തപുരത്ത് മോദി പറഞ്ഞത്. കോൺഗ്രസിനെ സൂക്ഷിക്കണമെന്നും മുസ്ലീം ലീഗ് കോൺഗ്രസിനെ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കോൺ​ഗ്രസ് നേതാക്കളുടെ പ്രതികരണം.

അതേസമയം, പോറ്റിക്കൊപ്പമുള്ള യുഡിഎഫ് കൺവീനറുടെ ചിത്രം പുറത്തുവന്നതിലും സതീശൻ പ്രതികരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി അടൂർ പ്രകാശിൻ്റെ മണ്ഡലത്തിൽ ഉള്ള ആളാണെന്നായിരുന്നു സതീശൻ്റെ ന്യായീകരണം. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള പോറ്റിയുടെ ഫോട്ടോയും ഉണ്ട്. ഫോട്ടോയിൽ അല്ലല്ലോ കാര്യം. സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രന് ഉത്തരവാദിത്തമുണ്ട്. ശബരിമലയിൽ എന്ത് നടക്കുന്നു എന്ന് മന്ത്രി അറിയണം. സോണിയ ഗാന്ധിയെ കാണുന്നതിൽ അത്ര വലിയ തടസം ഇല്ല. അനുമതി വാങ്ങിയാൽ ആർക്കും സോണിയ ഗാന്ധിയെ കാണാം. കാണേണ്ട എന്ന് തീരുമാനിക്കുന്നവരെ മാത്രമേ കാണാതിരിക്കൂവെന്നും സതീശൻ പറഞ്ഞു.

SCROLL FOR NEXT