KERALA

പിഎം ശ്രീയുമായി സർക്കാർ മുന്നോട്ട്; പണം വാങ്ങിയതിനാൽ പദ്ധതി തുടരാൻ നിർബന്ധിതരെന്ന് മുഖ്യമന്ത്രി

കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള പണം കിട്ടണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിഎം ശ്രീ പദ്ധതിയിൽ പ്രതിപക്ഷത്തിരിക്കെ ഉന്നയിച്ച വാദങ്ങളിൽ നിന്നും മലക്കംമറിഞ്ഞാണ് വി.ഡി. സതീശൻ്റെ പ്രതികരണം. കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ വർഗീയ അജണ്ട നടപ്പാക്കില്ലെന്നും കേന്ദ്ര ഫണ്ട് വാങ്ങിച്ചെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയതിനാൽ പദ്ധതി തുടരാൻ കേരളം നിർബന്ധിതരാണ്. പാഠ്യപദ്ധതിയും സ്കൂളുകളും സംസ്ഥാനം തീരുമാനിക്കും. കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള പണം കിട്ടണമെന്നും വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട തുകയാണ് കേന്ദ്രത്തോട് ചോദിക്കുന്നത്. അത് കേന്ദ്രത്തിൻ്റെ ഔദാര്യമല്ല. സംസ്ഥാനത്തിൻ്റെ അവകാശമാണ് എന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

പിഎം ശ്രീയിൽ ഒപ്പുവയ്ക്കില്ലെന്നാണ് കഴിഞ്ഞ സർക്കാർ പറഞ്ഞത്. പക്ഷേ ആരെയും അറിയിക്കാതെ ഒപ്പ് വച്ചു. എന്നിട്ടും ഇടത് മന്ത്രിമാർ അതിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്. പദ്ധതിയിൽ നിന്നും പിന്മാറാൻ വേണ്ടി ഇടതുസർക്കാർ കത്തയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ഷാഫിയെ തോൽപ്പിക്കാൻ വേണ്ടി നടത്തിയ ശ്രമമാണ് എന്ന് വി.ഡി. സതീശൻ പറഞ്ഞു. സംഘപരിവാർ ചെയ്യുന്ന അതേ പണി സിപിഐഎം ചെയ്തത്. സിപിഐഎമ്മിൻ്റെ മുഖംമൂടിയാണ് അഴിഞ്ഞുവീണത് എന്നും സതീശൻ വ്യക്തമാക്കി.

SCROLL FOR NEXT